From the print
തിരുവചനപ്പൊരുളുകള്‍ ചര്‍ച്ചയായി ഹദീസ് കോണ്‍ഫറന്‍സ്
വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്്ലാമിക ആശയാവിഷ്‌കാരങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ വിശുദ്ധ ഹദീസിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞ ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം ഖലമുല്‍ ഇസ്്ലാം കോടമ്പുഴ ബാബ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് | ആറ് പതിറ്റാണ്ട് പിന്നിടുന്ന സുൽത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ സ്വഹീഹുല്‍ ബുഖാരി ദര്‍സ് ഖത്മുല്‍ ബുഖാരി വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹദീസ് കോണ്‍ഫറന്‍സ് പ്രൗഢമായി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്്ലാമിക ആശയാവിഷ്‌കാരങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ വിശുദ്ധ ഹദീസിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞ ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം ഖലമുല്‍ ഇസ്്ലാം കോടമ്പുഴ ബാബ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
തിരുവചനങ്ങളുടെ പ്രസക്തിയും ആധികാരികതയും പുതിയ കാലത്ത് കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും പൂർവസൂരികള്‍ കൈമാറിവന്ന ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ ഹദീസ് പ്രചാരണ രംഗത്ത് വിദ്യാർഥികള്‍ സജീവമാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹദീസ് വ്യാഖ്യാനങ്ങളിലെ ശരിയും തെറ്റും എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല സംസാരിച്ചു. സ്വഹീഹുല്‍ ബുഖാരി ദര്‍സ് സുൽത്വാനുല്‍ ഉലമയുടെ വിശകലന വഴികള്‍, ഹദീസ് വിജ്ഞാനീയത്തിലെ ഇന്ത്യന്‍ വിളക്കുമാടങ്ങള്‍, സുൽത്വാനുല്‍ ഉലമയും സ്വഹീഹുല്‍ ബുഖാരിയും അറുപതാണ്ടിന്റെ ആഴങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇബ്്റാഹിം സഖാഫി പുഴക്കാട്ടിരി, ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, കുഞ്ഞു മുഹമ്മദ് സഖാഫി പറവൂര്‍, ബശീര്‍ സഖാഫി കൈപ്രം സംസാരിച്ചു.