Kozhikode
തിരുനബി ജീവിതത്തെ സമഗ്രമായി കൈമാറിയ ഹദീസ് നെറ്റ് വർക്കുകൾ ധൈഷണിക കൈമാറ്റത്തിന്റെ ഉദാത്ത മാതൃക: ഡോ. ഹകീം അസ്ഹരി
രിവായ ഇന്റർനാഷണൽ വെബിനാർ സമാപിച്ചു.
പൂനൂർ | തിരുനബി ജീവിതത്തെ സമഗ്രമായി കൈമാറിയ ഹദീസ് നെറ്റ് വർക്കുകൾ ധൈഷണിക കൈമാറ്റത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ: മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി . ജാമിഅ മദീനതുന്നൂർ സസ്റ്റാന്റീവോ മീലാദ് കാമ്പയിൻ ഭാഗമായി ഹദീസ് ഡിപാർട്ട്മെന്റ് സംഘടിപ്പിച്ച രണ്ടാമത് രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹദീസ് ജ്ഞാനശാസ്ത്ര രീതിയും വിപുലമായ ആ വിജ്ഞാന ശാഖയെ സംരക്ഷിക്കാൻ വേണ്ടി ത്യാഗോജ്ജ്വലമായ പര്യവേക്ഷണങ്ങൾ നടത്തിയ മുസ്ലിം പണ്ഡിതരും അതുല്യമായ ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇസ്ലാമിക ധൈഷണിക പാരമ്പര്യം : ഹദീസ് ജ്ഞാനശാസ്ത്ര രീതിയും സാമൂഹിക വായനകളും ‘ എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര ഹദീസ് പണ്ഡിതരും അക്കാദമിക് വിചക്ഷണരും പങ്കെടുത്ത വെബിനാറിൽ ‘ഹദീസ് ലിറ്ററേച്ചറിന്റെ സാമൂഹിക പാഠങ്ങൾ: സോഷ്യൽ മെമ്മറി ഓഫ് മുസ്ലിംസ് ‘ എന്ന വിഷയത്തിൽ ഖത്തറിലെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് മേധാവി ഡോ: റജബ് ശെൻതുർക് സംസാരിച്ചു.ഹദീസ് വിജ്ഞാനവും ജ്ഞാനശാസ്ത്ര സമീപനവും ‘ എന്ന തീമിൽ നടന്ന ചർച്ചക്ക് ഇവാൻസ്റ്റൺ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രീ ഡോക്ടറൽ ഫെല്ലോ തയ്സീർ സാഫി നേതൃത്വം നൽകി. ‘ഹദീസ് നിരൂപണങ്ങളുടെ സാഹിത്യ സൗന്ദര്യം’ ആസ്പദമാക്കി
ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ജോൾ ബ്ലഷർ സംവദിച്ചു. പരിപാടിയുടെ മുന്നോടിയായി പൂനൂർ മർകസ് ഗാർഡനിൽ നടന്ന പ്രീ വെബിനാറിൽ ഹദീസ് :ചരിത്രം ,രീതിശാസ്ത്രം, ആധാരികത എന്നീ വിഷയങ്ങളിൽ നടന്ന പഠന സെഷനുകളിൽ നാസർ അഹ്സനി ഒളവട്ടൂർ , ചേറൂർ അബ്ദുല്ല മുസ്ലിയാർ ,അസ്ലം ജലീൽ നൂറാനി തുടങ്ങിയവർ സംസാരിച്ചു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. ~രിവായ കൺവീനർ ആഷിർ ബീരാൻ മോഡറേറ്ററായി. ഹദീസ് അക്കാദമിക് വായനകൾക്കും ഗവേഷണങ്ങൾക്കും ദിശ നൽകുന്ന ഹദീസ് ഇൻസ്റ്റിറ്റ്യൂട്ടായി ‘രിവായ’ മാറുമെന്നും വെബിനാർ അഭിപ്രായപ്പട്ടു.രിവായ ചീഫ് ഓർഗനൈസർ ബാസിത് ഹംസ നന്ദി അറിയിച്ചു.