Kerala
ദാവൂദ് നബിയുടെ കാനോത്ത് പാടി ഹാഫിളുകള്‍
ദാവൂദ് നബിയുടെയും അജലത്ത് ബീവിയുടെയും മംഗല്യ ചരിത്രം പാടി മലപ്പുറം വളാഞ്ചേരി മര്‍കസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
![](https://assets.sirajlive.com/2023/01/vattappattu-896x538.gif)
കോഴിക്കോട് | പെട്രോമാക്സ് വിളക്കിന്റെ തിരിനാളത്തില്‍ നിന്ന് വീശിയ വെളിച്ചത്തിന്റെ ശോഭയില്‍ ഇമ്പമാര്‍ന്ന ഇശലുകളോടെ മലബാറിലെ കല്യാണ വീടുകളില്‍ മുഴങ്ങിയിരുന്ന വട്ടപ്പാട്ട് ശീലുകള്‍ കോഴിക്കോടന്‍ മണ്ണില്‍ മുഴങ്ങിയപ്പോള്‍ പുതുമാരനെയും തോഴന്മാരെയും കാണാനെത്തിയത് ആയിരങ്ങള്‍. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ പലരും, കേട്ടുതഴമ്പിച്ച കാനോത്ത് ശീലുകള്‍ പാടിയപ്പോള്‍ ദാവൂദ് നബിയുടെയും അജലത്ത് ബീവിയുടെയും മംഗല്യ ചരിത്രം പാടി മലപ്പുറം വളാഞ്ചേരി മര്‍കസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മറ്റു ടീമുകള്‍ ആരും തന്നെ പറയാത്ത ചരിത്രം കൈകൊട്ടി പാടിയപ്പോള്‍ പുതുമ നിറഞ്ഞു. എ ഗ്രേഡ് നേടിയ സംഘത്തിന് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസയും ലഭിച്ചു.
നാസര്‍ മേച്ചേരി രചിച്ച, ബിസ്മിയും ഓതുന്നേ… പുതുമാരന്‍ വന്താനെ… എന്ന വരികളോടെ വഴിനീളത്തില്‍ പാടിത്തുടങ്ങി വെളുത്ത രോമത്തൊപ്പിയും മുത്തുകള്‍ പതിപ്പിച്ച മിന്നുന്ന നീണ്ട മാലയും ധരിച്ചു പുതുമാരനെ വേദിയിലേക്ക് ആനയിച്ചപ്പോള്‍ സദസ്സ് കരഘോഷം മുഴക്കി.
പുതുമാരനും ഒമ്പത് തോഴന്മാരും യു പി സ്‌കൂള്‍ പഠനകാലത്ത് തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി തുടങ്ങിയവരാണ്. ഹാഫിളുകള്‍ പത്ത് പേരും ചേര്‍ന്ന് പത്ത് മിനുട്ട് നേരത്തേക്ക് തളിയിലെ സാമൂതിരി സ്‌കൂളിലെത്തിയവരുടെ മനസ്സിനെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ മലബാറിലെ കല്യാണ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കുട്ടിക്കാലത്ത് തന്നെ മര്‍കസ് സ്‌കൂളിലെത്തി ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചാണ് ടീം അംഗങ്ങളായ അബ്ദുല്ല ഫാദില്‍, മുഹമ്മദ് ബിന്‍ റാഫി, അഹമ്മദ് സ്വബീഹ്, മുഹമ്മദ് ഫവാസ്, അക്ബറലി, മുഹമ്മദ് നിഫാല്‍, മുഹമ്മദ് സ്വഫ്്വാന്‍, റബീഹ് ഇസ്മാഈല്‍, അബ്ദുല്‍ വാജിദ്, മുഹമ്മദ് അജ്സല്‍ എന്നിവര്‍ ഖുര്‍ആനിനെ മനസ്സില്‍ പതിപ്പിച്ചത്.
വിദ്യാര്‍ഥിയായിരിക്കെ തന്നെ കലോത്സവങ്ങളില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ വട്ടപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ സംഘത്തിലുണ്ടായിരുന്ന മലപ്പുറം പാങ്ങ് സ്വദേശി ശഫീഖ് ആണ് ഇവരുടെ പരിശീലകന്‍. ഗാനാലാപന രംഗത്തോ മറ്റോ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ശഫീഖ്, വട്ടപ്പാട്ടിനോടുള്ള അഭിനിവേശത്തെ തുടര്‍ന്നാണ് പരിശീലക കുപ്പായമണിഞ്ഞത്.