Kerala
ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍; ഹൃദയം കൊണ്ട് സംസാരിച്ച അനുഗൃഹീത പ്രഭാഷകന്‍
ഖുര്‍ആനുമായി ബന്ധപ്പെട്ട് വരുന്നതിനിടെയാണ് മരണമെങ്കില്‍ നമ്മുടെ ജീവിതം മുതലായെന്ന് പ്രസംഗിക്കാറുള്ള സഖാഫിയെ ആ ഖുര്‍ആനിക അറിവ് പകരുന്നതിനിടയിലാണ് മരണം തേടിയെത്തിയതെന്നു തന്നെ പറയാം.

മലപ്പുറം | അറിവ്, ആത്മാര്‍ഥത, വിനയം, ആകര്‍ഷണീയ പ്രഭാഷണ ശൈലി എന്നിവയെല്ലാം കൊണ്ടും വിശ്വാസി ഹൃദയങ്ങളില്‍ സ്ഥാനം നേടിയ അനുഗൃഹീത പ്രഭാഷകനായിരുന്നു വിടപറഞ്ഞ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍. മനസ്സിനെ സ്പര്‍ശിക്കുന്ന ഹൃദയം കൊണ്ട് സംസാരിച്ച പ്രഭാഷകന്‍. ഹൃദയത്തില്‍ തറയ്ക്കുന്ന വാക്കുകളായിരുന്നു സഖാഫിയുടേത്. ആരെയും പിടിച്ചിരുത്തുന്ന പ്രഭാഷണ ശൈലി. വിഷയത്തില്‍ മാത്രം ഒതുങ്ങിനിന്നു കൊണ്ട് കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആറ്റിക്കുറുക്കിയെടുത്ത വാക്കുകളുമായി സംസാരിക്കുന്ന സ്വതസിദ്ധമായ ശൈലിക്ക് ഉടമയായിരുന്നു മസ്ഊദ് സഖാഫി.
മൈലാഞ്ചിച്ചോപ്പ് തേച്ച താടി രോമങ്ങള്‍ക്കിടയില്‍ നിന്നും മുത്ത് ചിതറിയ പോലുള്ള ചന്തമുള്ള ചിരിയും സംസാരവുമായിരുന്നു മസ്ഊദ് സഖാഫിയുടെ ഹൈലൈറ്റ്. നിറഞ്ഞ വേദിയില്‍ ഇമ്പത്തില്‍ നീട്ടിപ്പറഞ്ഞ് നമ്മെ മദീനയിലേക്ക് ആനയിക്കും. അങ്ങിനെ വഅള് മണിക്കൂറുകള്‍ നീണ്ടുപോയാലും ശ്രോതാക്കള്‍ ഒരേ ഇരുപ്പില്‍ അങ്ങിനെ കേട്ടുപോകും. അതുകൊണ്ടു തന്നെ കേരളത്തിലങ്ങോളമിങ്ങോളം മസ്ഊദ് സഖാഫിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ജനം ഒഴുകിയെത്തുമായിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങളും ആദര്‍ശവും പറയുന്നിടത്ത് മുഖം നോക്കില്ല, പറയേണ്ടത് പറഞ്ഞുതന്നെ വെക്കും. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കുവാനും ജീവിതകാലം മുഴുവന്‍ ഖുര്‍ആന്‍ പ്രമേയമാക്കി പ്രഭാഷണ അധ്യാപന രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുവാനും സാധിച്ചു.
മസ്ഊദ് സഖാഫിയുടെ പ്രധാന ഉസ്താദുമാരിലൊരാളായ അന്തരിച്ച കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഇടയ്ക്കിടെ പറയുമായിരുന്നു, ‘ഹാഫിള് ആവുകയാണെങ്കില്‍ എന്റെ മസ്ഊദിനെ പോലെയാകണമെന്ന്.’ ഏത് ഉറക്കത്തില്‍ വിളിച്ച് ഓതാന്‍ പറഞ്ഞാലും ഒരു ഹര്‍ഫ് തെറ്റാതെ ഓതും.’ ഇത് അന്വര്‍ഥമാക്കുന്നതായിരുന്നു ഖുര്‍ആനുമായുള്ള സഖാഫിയുടെ ബന്ധം. ഖുര്‍ആന്‍ ഓതണമെന്നും അതിനെ പഠിക്കണമെന്നും നിരന്തരം വഅള് പറയാറുള്ള മസ്ഊദ് സഖാഫി. ഖുര്‍ആനുമായി ബന്ധപ്പെട്ട് വരുന്നതിനിടെയാണ് മരണമെങ്കില്‍ നമ്മുടെ ജീവിതം മുതലായെന്ന് പ്രസംഗിക്കാറുള്ള സഖാഫിയെ ആ ഖുര്‍ആനിക അറിവ് പകരുന്നതിനിടയിലാണ് മരണം തേടിയെത്തിയതെന്നു തന്നെ പറയാം. മരണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പുള്ള ഗൂഡല്ലൂരിലെ പ്രസംഗവും ഖുര്‍ആനിലെ അധ്യായങ്ങളിലൂടെയായിരുന്നു. ഇന്ന് കാസര്‍കോട് ബിര്‍മ്മിനടുക്ക ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കേണ്ട പരിപാടിയില്‍ മസ്ഊദ് സഖാഫി സംസാരിക്കാനിരുന്നതായിരുന്നു. ഇങ്ങിനെ വേദിയില്‍ നിന്ന് വേദിയിലേക്ക് വഅളുമായുള്ള സഞ്ചാരമായിരുന്നു സഖാഫിയുടേത്. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചുള്ള വാക്കിന്റെ സഞ്ചാരത്തിനു തിരശ്ശീല വീണിരിക്കുന്നു.
നാട്ടിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം ഒറവുമ്പ്രം ഹിഫുളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ ആറ് വര്‍ഷത്തോളം ടി സി മുഹമ്മദ് മുസ്‌ലിയാര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, ഖാരി ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര എന്നിവരുടെ കീഴില്‍ പഠനം നടത്തി. പിന്നീട് മര്‍ഹും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ അസീസിയ്യയില്‍ രണ്ട് വര്‍ഷം ദര്‍സ് പഠനം. പിന്നീട് കാരന്തൂര്‍ മര്‍കസില്‍ നിന്ന് സഖാഫി ബിരുദം നേടി.
അസീസിയ്യ കാന്തപുരം, കടുങ്ങല്ലൂര്‍ ചെറപ്പാലം, കക്കാട് സര്‍ക്കാര്‍ പറമ്പ് എന്നിവടങ്ങളില്‍ ദര്‍സ് അധ്യാപനം നടത്തി. ചെമ്മാട് സി കെ നഗറിലാണ് നിലവില്‍ ദര്‍സ് നടത്തിയിരുന്നത്. ഏറെക്കാലം കിഴിശ്ശേരി കടുങ്ങല്ലൂര്‍ ചെറപ്പാലത്താണ് ദര്‍സ്. അതുകൊണ്ട് തന്നെ ചിറപ്പാലത്തിനടുത്ത് പുളിയക്കോട് മേല്‍മുറിയിലായിരുന്നു താമസം. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കല്‍ മുസ്‌ലിയാര്‍, എം എം അബ്ദുല്ല മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍, വാളക്കുളം വീരാന്‍കുട്ടി മുസ്‌ലിയാര്‍, എടക്കുളം ലത്തീഫ് മുസ്‌ലിയാര്‍, പടന്നിലം ഹുസൈന്‍ മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഉസ്താദുമാര്‍.
ഗൂഡല്ലൂരിന് സമീപം പെരിയശോല മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകന്‍ ആണ് 41 വയസ്സുകാരനായ ഹാഫിള് മസ്ഊദ് സഖാഫി. ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ.
ഇന്ന് (23-02-25, ഞായര്‍) ഉച്ചക്ക് രണ്ടിന് പുളിയക്കോട് മേല്‍മുറി സുന്നി സെന്റര്‍ മസ്ജിദുല്‍ ഫൗസില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. വൈകിട്ട് നാലു മണിയോടെ വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും നടക്കും.