ന്യൂഡല്‍ഹി|ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ ഹജ്ജ് തീർത്ഥാടക ക്വാട്ട 80 ശതമാനം വെട്ടിക്കുറച്ചതായി ആരോപണം. സഊദി ഹജ്ജ്-ഉംറ മന്ത്രാലയം മിനയിലെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് ഔദ്യോഗികമായി കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്‌സ് അനുവദിച്ചിരുന്ന സോണുകൾ റദ്ദാക്കിയതിനാൽ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി ഹജ്ജ് തീർത്ഥാടനത്തിന് ബുക്ക് ചെയ്ത 52,000-ത്തിലധികം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായി. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ, ന്യൂനപക്ഷ കാര്യ മന്ത്രാലയം, സഊദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം എന്നിവ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് കാരണം.
സഊദി അധികൃതർക്ക് പണം നൽകാൻ വൈകിയതിനാലാണ് മിനായിലെ ടെന്റ് സോണുകൾ 1 ഉം 2 ഉം റദ്ദാക്കിയതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഓൺലൈൻ ആപ്ലിക്കേഷനായ “നുസുക്കുമായി” ബന്ധിപ്പിച്ചിട്ടുള്ള ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) സജീവമല്ലാത്തതിനാലാണ് പേയ്‌മെന്റുകൾ വൈകിയതെന്നാണ് ഹജ്ജ് ഓപ്പറേറ്റർമാർ പറയുന്നത്.
ഹജ്ജിന്റെ സുപ്രധാന കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മിനായിൽ തീർത്ഥാടകർ താമസിക്കുന്ന ടെന്റ് സിറ്റിയിലെ സോണുകൾ 1 ഉം 2 ഉം റദ്ദാക്കുകയും, സോണുകൾ 3, 4, 5 എന്നിവയ്ക്കുള്ള പേയ്‌മെന്റ് പ്രോസസ്സിംഗ് നിർത്തിവെക്കുകയും ചെയ്‌തു. ഇതോടെ തീർത്ഥാടകരെ കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്ന ഇന്ത്യയിൽ നിന്നുള്ള 26 കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഷന് നേരത്തെ അനുവദിച്ച സോണുകൾ 1 ഉം 2 ഉം റദ്ദാക്കുകയും “ബാക്കി മൂന്ന് സോണുകൾക്ക് പണമടയ്ക്കൽ ഓപ്ഷൻ ഇല്ല” എന്ന അറിയിപ്പാണ് ലഭിച്ചത്.
2025-ലെ ഹജ്ജിനായി ഇന്ത്യയിൽ നിന്നുള്ള 1,75,025 തീർത്ഥാടകരുടെ ക്വാട്ട അന്തിമമാക്കിയ ശേഷം
ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ജനുവരിൽ ജിദ്ധയിലെത്തി സഊദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഹജ്ജ് കരാർ 2025 ഒപ്പുവെക്കുകയും, ഇന്ത്യൻ തീർഥാടകർക്ക് നല്ല സോണുകൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാർക്ക് ഉറപ്പ് നൽകിയിരുന്നു. അതേസമയം സഊദി അധികൃതർ സോണുകൾ 1 ഉം 2 ഉം റദ്ദാക്കിയ വാർത്ത അവസാന നിമിഷത്തിൽ പരന്നതോടെ എന്ത് ചെയ്യണമെന് അറിയാത്ത അവസ്ഥയിലാണ് സ്വകാര്യ ഹജ്ജ് ഓപ്പറേറ്റർമാർ.
ഹജ്ജ് കമ്മിറ്റി വഴിയോ ഐബാൻ-ബന്ധിത നുസുക്കിലേക്ക് നേരിട്ടോ പണമടച്ച ഞങ്ങളിൽ പലർക്കും അവരുടെ ഇടപാടുകൾ കാണാൻ കഴിഞ്ഞില്ല. കൃത്യസമയത്ത് ബാങ്ക് അകൗണ്ട് സജീവമാക്കിയിരുന്നെങ്കിൽ, നിലവിലെ കുഴപ്പങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നാണ് ഹജ്ജ് ഓപ്പറേറ്റർമാർ പറയുന്നത്.ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹബൂബ മുഫ്തിയാണ് ട്വിറ്ററിലൂടെ വിഷയം പുറത്ത് കൊണ്ടുവന്നത് വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . സർക്കാരിന്‍റെ 2025-ലെ കേന്ദ്ര ഹജ്ജ് നയം അനുസരിച്ച്, ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള മൊത്തം ഹജ്ജ് ക്വാട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും, ബാക്കി 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുമായിരുന്നു നൽകിയിരുന്നത്
പരിഹാര ശ്രമങ്ങളുമായി കേന്ദ്ര ന്യൂന പക്ഷ മന്ത്രാലയം
ഹജ്ജ് വിഷയത്തിൽ ന്യൂന പക്ഷ മന്ത്രാലയം സഊദിയിലെ ഹജ്ജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാനുള്ള നയതന്ത്ര മാർഗങ്ങൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. കുറഞ്ഞ സമയത്തേക്ക് ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് നുസ്‌ക് ഓൺലൈൻ പോർട്ടൽ വീണ്ടും തുറന്ന് നൽകുമെന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പോർട്ടൽ തുറക്കുന്നതോടെ ഹാജിമാരുടെ താമസം, യാത്രാ തുടങ്ങിയ ക്രമീകരണങ്ങൾ സമർപ്പിക്കാനും , പണം അടക്കാനും അവസരം ലഭിക്കും.