Connect with us

Ongoing News

ഹാജിമാര്‍ തമ്പുകളുടെ നഗരിയിലേക്ക്; ഈ വര്‍ഷത്തെ കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മിനായില്‍ രാപ്പാര്‍ക്കലോടെയാണ് തുടക്കമാവുക.

Published

|

Last Updated

മക്ക |  ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്, നാഥാ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ നിന്റെ പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അഷ്ടദിക്കുകളില്‍ ഒഴുകിയെത്തിയ ശുഭ്രവസ്ത്രധാരികളായ ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയില്‍ എത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ കര്‍മ്മങ്ങള്‍ക്ക് വിശുദ്ധ ഭൂമി സാക്ഷിയാകും.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് തമ്പുകളുടെ നഗരിയായ മിന സ്ഥിതിചെയ്യുന്നത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മിനായില്‍ രാപ്പാര്‍ക്കലോടെയാണ് തുടക്കമാവുക. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ദുല്‍ഹജ്ജ് പതിമൂന്ന് വരെ ഹാജിമാര്‍ മിനായിലെ തമ്പുകളിലാണ് കഴിയുക.

ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ കല്ലേറ് കര്‍മ്മങ്ങള്‍ക്കും ബലി കര്‍മ്മങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതും മിനായിലാണ്.

പരമ്പരാഗത അറബ് സംസ്‌കാര തനിമയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം മിനായിലെ തമ്പുകള്‍ സജ്ജ്മാക്കിയിട്ടുള്ളത്. കൊറോണ കാലങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിനെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. രണ്ട് ലക്ഷത്തിലധികം തമ്പുകളും മിനയിലെ റസിഡന്‍ഷ്യന്‍ ടവറുകളുമായാണ് ഹാജിമാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മിനായില്‍ രാപ്പാര്‍ത്ത ശേഷം ഹാജിമാര്‍ ശനിയാഴ്ച ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി അറഫയിലേക്ക് നീങ്ങും. ഞായറാഴ്ചയാണ് സഊദിയിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ബലിപെരുന്നാള്‍ ആഘോഷം.

 

സിറാജ് പ്രതിനിധി, ദമാം

Latest