Connect with us

Ongoing News

ഹജ്ജ് 2022: പരിശോധന കര്‍ശനമാക്കി; ഇനിമുതല്‍ അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശനമില്ല

മക്കയില്‍ ജോലി ചെയ്യാനുള്ള എന്‍ട്രി പെര്‍മിറ്റ്, മക്കയിലെ താമസക്കാര്‍, ഉംറ നിര്‍വഹിക്കുന്നതിനുള്ള അനുമതിപത്രം ലഭിച്ചവര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് മുന്നോടിയായി മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ സ്വദേശികളും വിദേശികളും മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതിപത്രം നിര്‍ബന്ധമാക്കി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയതെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ഷുവൈരഖ് പറഞ്ഞു. മക്കയില്‍ ജോലി ചെയ്യാനുള്ള എന്‍ട്രി പെര്‍മിറ്റ്, മക്കയിലെ താമസക്കാര്‍, ഉംറ നിര്‍വഹിക്കുന്നതിനുള്ള അനുമതിപത്രം ലഭിച്ചവര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. അനുമതിപത്രം ഇല്ലാതെ വരുന്ന എല്ലാ വാഹനങ്ങളെയും താമസക്കാരെയും ചെക്ക് പോയിന്റുകളില്‍ വെച്ച് തിരിച്ചയക്കും.

ആഗോള വ്യാപകമായി കൊവിഡ് മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരാള്‍ എന്ന അനുപാതം പരിഗണിച്ചുകൊണ്ടാണ് വിദേശ രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികള്‍, മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഹജ്ജ് സമയങ്ങളില്‍ ‘സീസണല്‍ വര്‍ക്ക്’ വിസയിലെത്തുന്നവര്‍ എന്നിവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് ഓണ്‍ലൈന്‍ വഴിയാണ് അനുമതി നല്‍കുക. മക്കയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, താമസക്കാര്‍ എന്നിവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പോര്‍ട്ടലുകള്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. മെയ് 31നാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തുക.

 

Latest