Connect with us

Kerala

ഹജ്ജ് 2022; കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി

ജൂലൈ പതിനഞ്ചിന് ആരംഭിച്ച മടക്കയാത്ര ഇന്ന് അവസാനിച്ചു. അവസാന വിമാനം പുലര്‍ച്ചെ 3.45 ന് നെടുമ്പാശ്ശേരിയില്‍ എത്തി. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്ര അവസാനിച്ചു.

Published

|

Last Updated

നെടുമ്പാശ്ശേരി | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട മുഴുവന്‍ ഹാജിമാരും മടങ്ങിയെത്തി. ജൂലൈ പതിനഞ്ചിന് ആരംഭിച്ച മടക്കയാത്ര ഇന്ന് അവസാനിച്ചു. അവസാന വിമാനം പുലര്‍ച്ചെ 3.45 ന് നെടുമ്പാശ്ശേരിയില്‍ എത്തി. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്ര അവസാനിച്ചു. ആദ്യ സംഘം 15ന് വെള്ളിയാഴ്ച രാത്രി 10:45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയത്. കൂടാതെ, ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലം ചെയ്യുന്നതിന് റിവ്യൂ മീറ്റിംഗ് വിളിക്കുന്നതിന് ഹജ്ജ് തീര്‍ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ നാല് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 21 വിമാനങ്ങളിലായിരുന്നു കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാന്‍ തുടങ്ങിയ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 7,727 തീര്‍ഥാടകര്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പുറപ്പെട്ടത്. ഇതില്‍ 5,766 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 1,672 പേര്‍ തമിഴ്‌നാട്, 143 പേര്‍ ലക്ഷദ്വീപ്, 103 പേര്‍ അന്തമാന്‍, 43 പേര്‍ പോണ്ടിച്ചേരി എന്നീ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.

മടങ്ങിയെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നതിന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചെത്തിയ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയുടെ സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും ലഘു പാനീയങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയെത്തിയ ഹാജിമാര്‍ക്ക് കവര്‍ നമ്പര്‍ പ്രകാരം ലഗേജ് ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരും പ്രത്യേക വളണ്ടിയര്‍മാരും സേവനത്തിനുണ്ടായിരുന്നു.

നേരത്തെതന്നെ വിമാനത്താവളത്തില്‍ എത്തിച്ച സംസം വെള്ളം അഞ്ച് ലിറ്റര്‍ വീതം ഓരോ ഹാജിമാര്‍ക്കും വിമാനത്താവളത്തില്‍ നിന്നും നല്‍കി. നെടുമ്പാശ്ശേരിയിലെത്തിയ തമിഴ്നാട്, ലക്ഷദ്വീപ്, അന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ട്രെയിന്‍, കപ്പല്‍, വിമാന മാര്‍ഗങ്ങളിലായി നാട്ടിലേക്ക് പോയി. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര ഒന്നാം ഘട്ടത്തിലായതിനാല്‍ (ഫസ്റ്റ് ലാപ്പ്) തീര്‍ഥാടകരല്ലാത്തവരും മദീന സന്ദര്‍ശനം ഹജ്ജിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മലയാളി ഹാജിമാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത്തവണ മികച്ച സേവനമാണ് മക്കയിലും മദീനയിലും മശാഇര്‍ ഏരിയകളിലും ലഭ്യമായത്. സൗകര്യങ്ങളില്‍ ഹാജിമാര്‍ എല്ലാവരും നിറഞ്ഞ സംതൃപ്തിയിലാണ്.

അറഫാ, മിന യാത്രകള്‍ക്ക് ട്രെയിന്‍ സൗകര്യം, മിനയിലെ തമ്പുകളിലെ സൗകര്യം, അറഫയിലെ വിശാലമായ ടെന്‍ഡുകള്‍ തുടങ്ങിയവ ഹാജിമാര്‍ക്ക് സമയബന്ധിതമായി ഓരോ കര്‍മങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ജംറകളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ വിഭാഗത്തിനും നിശ്ചിത സമയം അനുവദിച്ചു നല്‍കിയിരുന്നു. സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ 37 വളണ്ടിയര്‍മാരും ഒരു ഒഫീഷ്യലും ഉള്‍പ്പടെ 38 പേരാണ് സേവനത്തിനായി ഹാജിമാരെ അനുഗമിച്ചത്. മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ദിവസവും പ്രത്യേക റിവ്യൂ മീറ്റിംഗ് സംഘടപ്പിച്ചത് സമയബന്ധതിതമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഏറെ ഉപകാരമായി. ഓരോ ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസിലെ മലയാളി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഹജ്ജ് സേവനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭ്യമാക്കിയത് .

5,766 പേരാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെട്ടിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിശുദ്ധ ഭൂമിയില്‍ വെച്ച് മരിച്ചിരുന്നു. മലപ്പുറം കരേക്കാട് സ്വദേശി അബൂബക്കര്‍ ഹാജി മദീനയില്‍ വെച്ചും, കാസര്‍കോട് പടന്ന സ്വദേശി റൗള ബീവി ഹജ്ജുമ്മ മക്കയില്‍ വെച്ചുമാണ് മരിച്ചത്. അബൂബക്കര്‍ ഹാജിയുടെ ജനാസ മദീനയിലെ ജന്നത്തുല്‍ ബഖിയിലും, റൗള ബീവിയുടെ ജനാസ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലുമാണ് ഖബറടക്കിയത്.

ഹാജിമാര്‍ക്ക് സൗകര്യപൂര്‍വം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തന്ന സഊദി അധികൃതര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് വളണ്ടിയര്‍മാര്‍, വിവിധ സന്നദ്ധ സംഘടനകളുടെ വളണ്ടിയര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെയും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും പ്രത്യേക കൃതജ്ഞത, അനുമോദനം അറിയിക്കുന്നതായും എല്ലാവിധ വിജയത്തിനായി പ്രാര്‍ഥന നടത്തുന്നതായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.

മടങ്ങിയെത്തുന്ന വിമാനത്തിലെ തീര്‍ഥാടകരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ ദിവസങ്ങളിലായി മുഴുവന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളും, മുന്‍ അംഗങ്ങളും ഹജ്ജ് കമ്മിറ്റി സ്വാഗത സംഘം പ്രതിനിധികളും, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസുഫ് പടനിലം തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി ഹാജിമാരെ സ്വീകരിച്ചു. അവസാന വിമാനത്തിലെ ഹാജിമാരെ സ്വീകരിക്കുന്നതിന്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന് പുറമെ മെമ്പര്‍മാരായ സഫര്‍ എ കയാല്‍, പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, മുന്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എച്ച് മുസമ്മില്‍ ഹാജി, എം എസ് അനസ് ഹാജി, അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിവയര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Latest