Connect with us

Ongoing News

ഹജ്ജ് 2023; ഈ വര്‍ഷം 2,10,000 ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം

ഹജ്ജ്, ഉംറ ഇന്‍ഷ്വറന്‍സ് തുകയില്‍ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

Published

|

Last Updated

മക്ക | ഹജ്ജ് സീസണ്‍ 2023 ലെ പ്രായപരിധിയും നിയന്ത്രണവും നീക്കിയതോടെ സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 2,10,000 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. 2019 ല്‍ 2.5 ദശലക്ഷം പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചപ്പോള്‍ കൊവിഡ് സുരക്ഷയെ തുടര്‍ന്ന് 2022 ല്‍ 900,000 ആയി നിജപ്പെടുത്തുകയും തീര്‍ഥാടകരുടെ പ്രായപരിധി 18 നും 65 നും ഇടയിലായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഈ വര്‍ഷം നീക്കിയത്.

കൂടാതെ ഹജ്ജ്, ഉംറ ഇന്‍ഷ്വറന്‍സ് തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ ഇന്‍ഷ്വറന്‍സ് തുക 235 റിയാലില്‍ നിന്ന് 88 റിയാലായി 63 ശതമാനമായും, ഹജ്ജ് തീര്‍ഥാടകരുടെത് 109 റിയാലില്‍ നിന്ന് 29 റിയാലായി 73 ശതമാനമായുമാണ് കുറച്ചത്.

ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതോടെ ഇതുവരെ 70,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. മിനായിലെ ആധുനിക പാര്‍പ്പിട സൗകര്യങ്ങളില്‍ ഈ വര്‍ഷം 15 ശതമാനം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കു വേണ്ടി നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നത്തിനായി രാജ്യത്തെ 180 കമ്പനികളും സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Latest