International
ഹജ്ജ് 2023: ഈ വര്‍ഷം നിയന്ത്രണങ്ങളും പ്രായപരിധിയും ഒഴിവാക്കി
ഹാജിമാര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളുണ്ടാകില്ല. പ്രായപരിധി ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും ഒഴിവാക്കി
മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളുണ്ടാകില്ല. പ്രായപരിധി ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും ഒഴിവാക്കിയതായി സഊദി ഹജ്ജ്-ഉംറ കാര്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് എക്‌സ്‌പോ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുക്കുന്ന തീര്‍ഥാടകരുടെ എണ്ണം മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രീയ അടിത്തറയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും തീര്‍ത്ഥാടകരുടെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനും പ്രാദേശിക-അന്തര്‍ ദേശീയ തലത്തില്‍ പങ്കാളിത്തങ്ങള്‍ക്കും കരാറുകള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തീര്‍ഥാടകരെ സഹായിക്കുന്ന ഒരു ഡിജിറ്റല്‍ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുക എന്നതാണ് നാല് ദിവസത്തെ എക്‌സ്പോയിലൂടെ ലക്ഷ്യമിടുന്നത്. എക്സ്പോയുടെ ആദ്യ ദിനത്തില്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി 57 സഹകരണ കരാറുകളില്‍ മന്ത്രി അല്‍-റബിയ ഒപ്പുവച്ചു.
2019 ല്‍ 2.5 ദശലക്ഷം തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുത്തത്. 2020-21 വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വ്യാപിച്ച കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നില്ല. സഊദി അറേബ്യ 2023-ല്‍ ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതോടെ ഈ വര്‍ഷം 1,75,025 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ്.
പുണ്യ ഭൂമിയിലെത്തുന്നവര്‍ക്ക് ഹജ്ജ്- ഉംറ ചടങ്ങുകള്‍ സമാധാനത്തോടെയും അനായാസമായും നിര്‍വഹിക്കുന്നതിനും തീര്‍ഥാടകരുടെ മതപരവും ചരിത്രപരവുമായ അനുഭവം സമ്പന്നമാക്കുന്നതിനും സഹായിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയം, ഷെയര്‍ സര്‍വീസസ് മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഔദ, ജനറല്‍ അതോറിറ്റി ഫോര്‍ എക്സിബിഷന്‍സ് ആന്‍ഡ് കണ്‍വെന്‍ഷന്‍സിന്റെ സി ഇ ഒ. അംജദ് ബിന്‍ എസ്സാം ഷേക്കര്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.