Connect with us

From the print

ഹജ്ജ് 2025: 301 പേര്‍ക്ക് കൂടി അവസരം

ഇതോടെ ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിച്ചവരുടെ ആകെ എണ്ണം 15,709 ആയി.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അപേക്ഷ സമര്‍പ്പിച്ച 301 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 2524 മുതല്‍ 2825 വരെയുള്ള അപേക്ഷകര്‍ക്കാണ് അവസരം ലഭിച്ചത്. ഇതോടെ ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിച്ചവരുടെ ആകെ എണ്ണം 15,709 ആയി.

301 പേര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇവര്‍ അണ്ടർ ടേക്കിംഗ് ഫോറം സമര്‍പ്പിച്ചവരായിരിക്കണം. ഇത് പ്രകാരം 301 പേരില്‍ 253 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ കഴിയുക. ബാക്കിയുള്ളവര്‍ ഹജ്ജിന് സന്നദ്ധത അറിയിക്കാത്തവരാണ്. വെയ്റ്റിംഗ് ലിസ്റ്റില്‍ ആകെ 6,046 പേരാണുള്ളത്. പുതുതായി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 11നകം അതത് അപേക്ഷകരുടെ പുറപ്പെടല്‍ കേന്ദ്രം അടിസ്ഥാനത്തിലുള്ള മൊത്തം തുക അടയ്ക്കണം. തീര്‍ഥാടകര്‍ അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടയ്ക്കാവുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോറവും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം) ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട്, പണമടച്ച പേ ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോ. പരിശോധിച്ചതാകണം) ഈ മാസം 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാവുന്നതാണെന്ന് ഹജ്ജ് അസ്സി. സെക്രട്ടറി അറിയിച്ചു.

---- facebook comment plugin here -----

Latest