Connect with us

National

ഹജ്ജ് 2025: ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ എംബാര്‍ക്കേഷന്‍ പോയിന്റ് ഗയ, ഏറ്റവും ചെലവ് കുറവ് മുംബൈയില്‍

90,844.35 രൂപയാണ് മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്. 1,73,113.81 രൂപയാണ് ബീഹാറിലെ ഗയയില്‍ ടിക്കറ്റ് ചാര്‍ജ്.

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കാനായി തിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഹാജിമാര്‍ യാത്ര തിരിക്കുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലെ വിമാന ടിക്കറ്റ് നിരക്കില്‍ ബീഹാറിലെ ഗയ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും ചെലവേറിയത്. മഹാരാഷ്ട്രയിലെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

90,844.35 രൂപയാണ് മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള നിരക്ക്. ഗയയില്‍ 1,73,113.81 രൂപയും. 1,64,751.81 രൂപ ടിക്കറ്റ് നിരക്കുള്ള ഗുവാഹത്തി, 1,61,995.4 നിരക്കുള്ള ശ്രീനഗര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍. മുംബൈ കഴിഞ്ഞാല്‍ അഹമ്മദാബാദ് (95,880.67), കൊച്ചി (97,886.15), ഡല്‍ഹി (98,630.35) എന്നിവയാണ് ഇന്ത്യയിലെ കുറഞ്ഞ ചെലവുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍.

കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് മറ്റ് വിമാനത്താവളങ്ങളിലേതിനു തുല്യമാക്കണമെന്ന് കേരളത്തിലെ എം പിമാര്‍ നേരത്തെ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ്, ഔറംഗബാദ്, ബെംഗളൂരു, ഭോപ്പാല്‍, കാലിക്കറ്റ്, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗയ, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കണ്ണൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ശ്രീനഗര്‍, വിജയവാഡ എന്നീ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ഈ വര്‍ഷത്തെ കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി പുണ്യ ഭൂമിയിലേക്ക് യാത്ര തിരിക്കുക. ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്നത് തലസ്ഥാനമായ ഡല്‍ഹി എംബാര്‍ക്കേഷന്‍ വഴിയാണ്- 16,403 പേര്‍.

സഊദി വിമാന കമ്പനികളായ സഊദിയ, ഫ്‌ളൈ നാസ്, ഇന്ത്യന്‍ വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയാണ് ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഇന്ത്യയില്‍ നിന്നും ഹാജിമാര്‍ക്കായി സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍.

1,75,025 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്, ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ 2025 ജനുവരിയില്‍ ജിദ്ദയില്‍ നടന്ന ഹജ്ജ് ഉച്ചകോടിയില്‍ വെച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അല്‍-റബിയയും ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ ഈ വര്‍ഷത്തെ ആകെയുള്ള ഹജ്ജ് ക്വാട്ടയില്‍ 70 ശതമാനം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കും ബാക്കി 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമാണ് ലഭിക്കുക. 2024 ല്‍ 80:20 എന്ന അനുപാതത്തിലായിരുന്നു ക്വാട്ട അനുവദിച്ചത്. 2024ല്‍ ഇന്ത്യയില്‍ നിന്നും 1,75,025 പേരാണ് ഹജ്ജിനെത്തിയത്. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഗ്രൂപ്പ് വഴിയുമാണ് എത്തിയത്.

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest