From the print
ഹജ്ജ്- 2025; യാത്ര 20 ദിവസമാക്കി ചുരുക്കാൻ കേരളം ആവശ്യപ്പെടും
മിനയിലും അറഫയിലും ഇന്ത്യൻ ഭക്ഷണം വേണമെന്ന ആവശ്യവും വീണ്ടും ഉന്നയിക്കും
കോഴിക്കോട് | ഹജ്ജ് യാത്ര 20 ദിവസമാക്കി ചുരുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും. നിലവില്‍ 31 മുതല്‍ 35 ദിവസം വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ദിവസം കുറക്കുന്നത് ഹാജിമാര്‍ക്ക് ആരോഗ്യത്തോടെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും അസുഖങ്ങളില്ലാതെ തിരിച്ചുപോരുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഈ മാസം 23ന് ഡല്‍ഹിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളം ഈ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാക്കിയില്ല. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മിനയിലും അറഫയിലും ഇന്ത്യന്‍ ഭക്ഷണം തന്നെ ഉണ്ടാക്കുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു നേരത്തെ ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്ന മറ്റൊരാവശ്യം. പാശ്ചാത്യ ഭക്ഷണങ്ങള്‍ കേരളീയരായ ഹാജിമാര്‍ക്കുള്‍പ്പെടെ വലിയ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇക്കാര്യവും വീണ്ടും ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ടെന്റുകളില്‍ സൗകര്യം വര്‍ധിപ്പിക്കുകയെന്നതും പ്രധാനപ്പെട്ട ആവശ്യമാണ്. 20 പേര്‍ക്കുള്ള ടെന്റുകളില്‍ 30 പേര്‍ വരെ ഉണ്ടാകുന്നത് ഹാജിമാര്‍ക്ക് അസൗകര്യങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഈ ആവശ്യം വീണ്ടും ഉന്നയിക്കാനൊരുങ്ങുന്നത്.
23ന് നടക്കുന്ന യോഗത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഹജ്ജിന്റെ വിശദമായ അവലോകനവും യോഗത്തിൽ നടക്കും. സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ട ഭൂരിപക്ഷം കാര്യങ്ങളും ഇതിനകം കേന്ദ്രം അംഗീകരിച്ച് നടപ്പാക്കിയിട്ടുണ്ട്. പാസ്സ്പോര്‍ട്ടിന്റെ കാര്യത്തില്‍ എടുത്ത തീരുമാനം ഇതില്‍ ഏറ്റവും പ്രധാനമാണ്. പാസ്സ്പോര്‍ട്ട് നേരത്തേ സമര്‍പ്പിക്കേണ്ടെന്ന പുതിയ നിര്‍ദേശം പ്രവാസികളായ ഹാജിമാര്‍ക്കുള്‍പ്പെടെ വലിയ സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ട വിഷയമായിരുന്നു ഇത്. യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാർ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. കേരളത്തിൽ നിന്ന് ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പുറമെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസിയും ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.