Saudi Arabia
ഹജ്ജ്; സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നത് 2322 തീര്‍ത്ഥാടകര്‍
ഇതിനകം 60,000-ത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കി
മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി 2322 തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിച്ചേരും.
88രാജ്യങ്ങളില്‍ നിന്നായി 1,300 തീര്‍ഥാടകരും, ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടെയും,ഇസ്രേയേല്‍ തടവില്‍ കഴിയുന്നവരുടെയും,പരുക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പേരും,സഊദിയില്‍ വെച്ച് വിജയകരമായി വേര്‍പിരിയല്‍ ശസ്ത്രക്രിയക്ക് വിധേയരായ ഇരട്ടകളുടെ കുടുംബത്തില്‍ നിന്നുള്ള 22 തീര്‍ത്ഥാടകരുമാണ് ഈ വര്‍ഷത്തെ രാജാവിന്റെ അതിഥികള്‍.
26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹജ്ജ്, ഉംറ, സന്ദര്‍ശനം എന്നിവക്കായി രണ്ട് പുണ്യഗേഹങ്ങളുടെ അതിഥി പ്രോഗ്രാം ആരംഭിച്ചത്. ഇതിനകം 60,000-ത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ,അതിഥികള്‍ സ്വന്തം നാടുകളില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ തിരികെ നാട്ടിലേക്ക് മടങ്ങു ന്നതു വരെയുള്ള മുഴുവന്‍ സൗകര്യങ്ങളും നല്‍കുന്നതിനായി വിവിധ കമ്മിറ്റികള്‍ വഴി പദ്ധതികള്‍ തയ്യാറാക്കിയതായും ഇസ്ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷൈഖ് പറഞ്ഞു.