From the print
ഹജ്ജ്: 516 പേര്‍ക്ക് കണ്ണൂരിലേക്ക് മാറാം
അപേക്ഷകരില്‍ കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം ഒന്നും കണ്ണൂര്‍ രണ്ടും ഓപ്ഷനായി നല്‍കിയവര്‍ക്ക് മാത്രമാണ് അവസരം. 1,423 പേരാണ് ഈ രീതിയില്‍ ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചത്.

കണ്ണൂര്‍/കോഴിക്കോട് | കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറക്കുന്നതിന് സംസ്ഥാന സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും ശ്രമങ്ങള്‍ തുടരുന്നതിനിടെ 516 പേര്‍ക്ക് കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറാന്‍ അവസരമുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇത്രയും സീറ്റ് ലഭ്യമാണെന്ന് എയര്‍ലൈന്‍സ് അറിയിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒ വ്യക്തമാക്കി.
അപേക്ഷകരില്‍ കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം ഒന്നും കണ്ണൂര്‍ രണ്ടും ഓപ്ഷനായി നല്‍കിയവര്‍ക്ക് മാത്രമാണ് അവസരം. 1,423 പേരാണ് ഈ രീതിയില്‍ ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചത്. ഇവര്‍ക്ക് പുറപ്പെടല്‍ കേന്ദ്രം മാറ്റുന്നതിന് പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉടനെ പുറത്തിറക്കും. മൂവായിരത്തോളം തീര്‍ഥാടകര്‍ കണ്ണൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയെയും സര്‍ക്കാറിനെയും സമീപിച്ചിട്ടുണ്ടെന്നും കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ നറുക്കെടുപ്പിലൂടെ തീര്‍ഥാടകരെ തിരഞ്ഞെടുക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം വഴി 5,857 പേരും കൊച്ചി വഴി 5,573 പേരും കണ്ണൂര്‍ വഴി 4,135 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചത്. കൊച്ചിയെയും കണ്ണൂരിനെയും അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള യാത്രക്ക് 40,000 രൂപ അധികം നല്‍കേണ്ടി വരുന്നുണ്ട്.
കരിപ്പൂരില്‍ നിന്നുള്ള ചാര്‍ജ് കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാറും ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാനും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നിരക്ക് കുറക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിരക്ക് കുറക്കാനുള്ള ഇടപെടല്‍ തുടരുമെന്ന് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അറിയിച്ചു.