Connect with us

hajj 2023

ഹജ്ജ്: പാസ്‌പോർട്ട് അടിയന്തരമായി ലഭ്യമാക്കാൻ നിർദേശം

പോലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ പൂർത്തിയാക്കി ഹജ്ജ് അപേക്ഷകർക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് അപേക്ഷകരുടെ പാസ്‌പോർട്ട് അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കാൻ പാസ്‌പോർട്ട് ഓഫീസർമാർക്ക് നിർദേശം. പാസ്‌പോർട്ട് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിൽ പെട്ടെന്ന് നടപടിക്രമം പൂർത്തിയാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ആവശ്യമായ നോഡൽ ഓഫീസർമാരെ നിയമിക്കുകയോ അധികമായി കൗണ്ടറുകൾ ആരംഭിക്കുകയോ ചെയ്ത് പാസ്‌പോർട്ട് പെട്ടെന്ന് ലഭ്യമാക്കണം. മുൻവർഷത്തെ അപേക്ഷിച്ച് പാസ്‌പോർട്ട് അപേക്ഷ വർധിച്ചേക്കുമെന്ന സാഹചര്യത്തിൽ പോലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ പൂർത്തിയാക്കി ഹജ്ജ് അപേക്ഷകർക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.

ഹജ്ജ് അപേക്ഷകരിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് പാസ്‌പോർട്ട് സമർപ്പിക്കേണ്ടത്. ഹജ്ജ് അപേക്ഷാ സമയത്ത് പാസ്‌പോർട്ടിലെ വിവരങ്ങൾ നൽകണം. ഒറിജിനൽ പാസ്‌പോർട്ട് സമർപ്പിക്കേണ്ടതില്ല. ഈ മാസം പത്തിനാണ് ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിച്ചു തുടങ്ങിയത്. അടുത്ത മാസം പത്താണ് അവസാന തീയതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ പ്രത്യേക മൊബൈൽ ആപ്പ് വഴിയോ അപേക്ഷ നൽകാം.

അപേക്ഷകന് ഈ വർഷം മാർച്ച് പത്തിനോ അതിനു മുമ്പോ ഇഷ്യു ചെയ്തതും 2024 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ളതുമായ മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (വെള്ള പ്രതലമുള്ളത്), മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ഐ എഫ് എസ് കോഡുള്ള ക്യാൻസൽ ചെയ്ത ബേങ്ക് ചെക്കിന്റെ/ പാസ്ബുക്കിന്റെ പകർപ്പ്, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, കൊവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടത്.

സെർവർ തകരാർ തുടരുന്നു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സെർവർ തകരാർ പൂർണമായും പരിഹരിക്കാനായില്ല.
ഇന്നലെയും പലർക്കും അപേക്ഷ സമർപ്പിക്കാനായില്ല. തകരാർ ഇന്നലെയോടെ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്നലെയും പൂർണമായും ശരിയായിട്ടില്ല.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest