Connect with us

From the print

ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം: ഹജ്ജ് കമ്മിറ്റി

സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷിക്കാൻ കലക്ടർക്ക് ചുമതല

Published

|

Last Updated

കോഴിക്കോട്| അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിലും വിമാന നിരക്കുകൾ ഏകീകരിക്കണമെന്ന് ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ തീർഥാടകർ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളിലുള്ളതിനേക്കാൾ വിമാനക്കൂലി ഇനത്തിൽ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു.

ടെൻഡർ മുഖേന ആദ്യം നിശ്ചയിച്ച തുകയിൽ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സർക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതർ ഭാഗികമായി കുറച്ചിട്ടും കോഴിക്കോട് നിന്ന് വലിയ വ്യത്യാസം ഉണ്ടായിരുന്നു. സംസ്ഥാനത്തെ തീർഥാടകരുടെ ഔദ്യോഗിക ആവശ്യ നിർവഹണങ്ങൾക്ക് സർക്കാർ തലത്തിൽ തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവർക്ക് ഹജ്ജ് അപേക്ഷാ സമർപ്പണം മുതൽ തിരഞ്ഞെടുക്കപ്പെടുന്നത് വരെ പണം അടക്കൽ, പാസ്സ്പോർട്ട് ഉൾപ്പടെയുള്ള രേഖകളുടെ സമർപ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രെയിനിംഗ് ക്ലാസ്സുകൾ, കുത്തിവെപ്പ്, യാത്രാ തീയതി അറിയിക്കൽ, ക്യാമ്പിൽ റിപോർട്ട് ചെയ്യൽ, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാർക്കാവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ തന്നെ വിപുലമായ ഔദ്യോഗിക ട്രെയിനിംഗ് സംവിധാനം നിലവിലുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനിംഗ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിക്കുകയും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിന് നിർദേശിച്ചിട്ടുമുള്ളതാണ്. ഇതിന് സമാന്തരമായുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഹജ്ജിന് അവസരം ലഭിക്കുന്നവർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി ശ്രദ്ധിക്കണമെന്നും മറ്റ് കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാർ ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു. സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷിക്കാൻ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി ആർ വിനോദിനെ യോഗം ചുമതലപ്പെടുത്തി.

ചാരിതാർഥ്യത്തോടെ കാലാവധി പൂർത്തിയാക്കുന്നു
ഈ മാസം 12നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന കരിപ്പൂരിൽ വനിതാ തീർഥാടകർക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തീർഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കുന്നത്. ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വി ആർ വിനോദിനേയും കമ്മിറ്റി അംഗങ്ങളെയും ട്രെയിനർമാരെയും യോഗം അഭിനന്ദിച്ചു.
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ടി കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ അംഗങ്ങളായ അഡ്വ. പി ടി എ റഹീം എം എൽ എ, അഡ്വ. പി മൊയ്തീൻ കുട്ടി, ഉമർ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുസ്സലാം, കെ എം മുഹമ്മദ് ഖാസിം കോയ, എ സഫർ കയാൽ, പി പി മുഹമ്മദ് റാഫി, പി ടി അക്ബർ, ജില്ലാ കലക്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഓഫീർ വി ആർ വിനോദ്, അസി. സെക്രട്ടറി എൻ മുഹമ്മദലി സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളെ യോഗത്തിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന ട്രെയിംനിംഗ് ഓർഗനൈസറായ പി കെ ബാപ്പു ഹാജി കോഴിക്കോട് സ്വാഗതവും ട്രെയിനിംഗ് ഫാക്കൽറ്റി ഷാജഹാൻ എൻ പി നന്ദിയും പറഞ്ഞു. ട്രെയിനിംഗ് ഓർഗനൈസർമാരായ മുഹമ്മദ് റഊഫ് യു കൊണ്ടോട്ടി, നൗഫൽ മങ്ങാട്, മുഹമ്മദ് സലീം കാസർകോഡ്, സലാം സഖാഫി ഇടുക്കി, മുജീബ് വടക്കേമണ്ണ എന്നിവരും വിവിധ ജില്ലകളിൽ നിന്നുള്ള ട്രെയിനർമാരും സംബന്ധിച്ചു.

20,636 അപേക്ഷകൾ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി സ്വീകാര്യയോഗ്യമായ 20,636 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 65+ വിഭാഗം-3,462, വിത്തൗട്ട് മെഹ്‌റം സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം-512, വിത്തൗട്ട് മെഹ്‌റം സ്ത്രീകൾ മാത്രമുള്ള പൊതു വിഭാഗം -2,311, ജനറൽ -14,351 എന്നിങ്ങനെയാണ് അപേക്ഷകർ. അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്നും ഹജ്ജിന് പോകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ രാവിലെ 11.30ന് ഡൽഹിയിൽ നടക്കും.

Latest