Ongoing News
ഹജ്ജ് അപേക്ഷ ഔദ്യോഗിക പോര്‍ട്ടല്‍ വഴി മാത്രം, അനൗദ്യോഗിക ചാനലുകള്‍ ഉപയോഗിക്കരുത്: സഊദി മന്ത്രാലയം
വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കണം. തെറ്റായ പരസ്യങ്ങളോ വഞ്ചനാപരമായ ഹജ്ജ് ഓഫറുകളോ ഒഴിവാക്കണം.

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനൗദ്യോഗിക ചാനലുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജിനുള്ള അപേക്ഷ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഹജ്ജ് ബുക്ക് ചെയ്യാന്‍ ഔദ്യോഗിക ചാനലുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
masar.nusuk.sa എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് പോര്‍ട്ടലും നുസുക് ആപ്ലിക്കേഷനുമാണ് ആഭ്യന്തര തീര്‍ഥാടകരായ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജ് പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള അംഗീകൃത ചാനലുകള്‍. വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചുറപ്പിക്കണമെന്നും തെറ്റായ പരസ്യങ്ങളോ വഞ്ചനാപരമായ ഹജ്ജ് ഓഫറുകളോ ഒഴിവാക്കാണമെന്നും അധികൃതര്‍ നിര്‍ദേശിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
അനൗദ്യോഗിക ചാനലുകള്‍ വഴി പങ്കിടുന്ന ഏതെങ്കിലും വിവരങ്ങളോ ഓഫറുകളോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയത്തെയോ ബന്ധപ്പെട്ട അധികാരികളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. ഈ വര്‍ഷത്തെ തീര്‍ഥാടനം സൗകര്യപ്രദമായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ സേവനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സഊദിയില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ സേവന കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. സഊദിയില്‍ നിന്നുള്ളവര്‍ ‘1966’ എന്ന നമ്പറിലും സഊദി അറേബ്യക്ക് പുറത്ത് നിന്നുള്ളവര്‍ +966 920002814 എന്ന അന്താരാഷ്ട്ര നമ്പറിലും care@Hajj.gov.sa എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാന്‍ കഴിയും.