Connect with us

From the print

ഹജ്ജ്; അപേക്ഷാ സമർപ്പണം തുടങ്ങി

അവസാന തീയതി സെപ്തംബർ ഒമ്പത് • നറുക്കെടുപ്പ് മൂന്നാമത്തെ ആഴ്ച

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അടുത്ത വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങി. ഹജ്ജ് അപേക്ഷാ സമർപ്പണമുൾപ്പെടെ വിശദമായ മാർഗനിർദേശങ്ങളും ആക്‌ഷൻ പ്ലാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്നലെ പുറത്തിറക്കി. അപേക്ഷാ സമർപ്പണം ആരംഭിച്ചതായുള്ള അറിയിപ്പും ആക്‌ഷൻ പ്ലാനും പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കു ശേഷം രാത്രി വൈകിയാണ് മാർഗനിർദേശങ്ങൾ കമ്മിറ്റി പുറത്തിറക്കിയത്.
ഇന്നലെ മുതലാണ് അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചതായുള്ള അറിയിപ്പ് പുറത്തുവന്നത്. സെപ്തംബർ ഒമ്പത് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഹജ്ജ് നറുക്കെടുപ്പ് മൂന്നാമത്തെ ആഴ്ചയിൽ നടക്കും. ഹാജിമാർക്ക് വിശുദ്ധ ഭൂമിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് വേണ്ടിയുള്ള വിമാന ടെൻഡർ നടപടികൾ ഒക്‌ടോബർ ആദ്യ ആഴ്ചയിലായിരിക്കും. സെപ്തംബർ മൂന്നാമത്തെ ആഴ്ച ഹജ്ജ് ട്രെയിനർമാരെ തിരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിക്കും. സഊദിയിൽ ഹാജിമാർക്ക് താമസസൗകര്യമൊരുക്കുന്നതിന്റെ മുന്നോടിയായി കെട്ടിട പരിശോധനക്കുള്ള ആദ്യസംഘം ഒക്‌ടോബർ അവസാനമോ ഡിസംബർ ആദ്യവാരമോ ഇന്ത്യയിൽ നിന്ന് പുറപ്പെടും. ശേഷം ഇത് അന്തിമമാക്കുന്നതിനുള്ള സംഘം ഇതിന് പിറകെ സഊദിയിലെത്തും.
ഒക്‌ടോബർ അവസാന വാരത്തിലായിരിക്കും വിമാന ടെൻഡർ അന്തിമമാക്കുക. തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ നവംബർ ആദ്യ ആഴ്ചയിൽ ഹജ്ജ് കമ്മിറ്റി ഓഫീസുകളിൽ രേഖകൾ സമർപ്പിക്കണം. ഹാജിമാർക്ക് വിശുദ്ധ ഭൂമിയിൽ സേവനം ചെയ്യാനുള്ള ഹജ്ജ് ഇൻസ്‌പെക്ടർമാരെ നവംബർ ആദ്യവാരം തിരഞ്ഞെടുക്കും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ട നവംബർ രണ്ടാമത്തെ ആഴ്ചയിലായിരിക്കും വീതം വെക്കുക. ആക്‌ഷൻ പ്ലാനിൽ വ്യക്തമാക്കിയ തീയതികളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. വിശദമായ ഹജ്ജ് മാർഗനിർദേശങ്ങൾക്കൊപ്പമായിരുന്നു സാധാരണ ഹജ്ജിന് അപേക്ഷ ക്ഷണിച്ചുള്ള അറിയിപ്പ് ഉണ്ടാകാറുള്ളത്. അതിനു ശേഷമാണ് ആക്‌ഷൻ പ്ലാനുൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാറുള്ളത്. ഇതിന് വിരുദ്ധമായാണ് ഇന്നലെ വൈകിട്ടോടെ ഹജ്ജ് ആക്‌ഷൻ പ്ലാൻ ആദ്യം പുറത്തിറക്കിയത്.
പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommttiee.gov.in/എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommttiee.org/എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “Hajsuvidha’എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ട വർധിപ്പിക്കുന്നതുൾപ്പെടെ സുപ്രധാന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന 2025ലെ ഹജ്ജ് നയം കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇപ്രാവശ്യം ഒട്ടേറെ മാറ്റങ്ങളോടെയാണ് ഹജ്ജ് നയം. സഊദിയിലെ പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങൾ മുൻനിർത്തി റിസർവ് കാറ്റഗറിയിലുള്ളവരുടെ പ്രായപരിധി 65 ആക്കി കുറച്ചിരുന്നു. നേരത്തെ 70 ആയിരുന്നതാണ് പുതിയ നയത്തിൽ കുറച്ചത്. 65 ഓ അതിന് മുകളിലോ പ്രായമുള്ള ഹജ്ജ് അപേക്ഷകർക്ക് സഹായിയെ നിർബന്ധമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജിന് 200 ഹാജിമാർക്ക് ഒരു ഖാദിമുൽ ഹുജ്ജാജ് എന്നതായിരുന്നു അനുപാതം. ഇത് 150:1 എന്ന അനുപാതമാക്കി കുറച്ചു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest