National
ഹജ്ജ്: സ്വകാര്യ ഗ്രൂപ്പ് വഴി നഷ്ടപ്പെട്ട 52,000 സീറ്റില്‍ 10,000 സീറ്റുകള്‍ പുനഃസ്ഥാപിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
ബാക്കിയുള്ള സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നു.

ന്യൂഡല്‍ഹി | സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി ഹജ്ജ് തീര്‍ഥാടനത്തിന് ബുക്ക് ചെയ്ത 52,000-ത്തിലധികം ഇന്ത്യക്കാരില്‍ 42,000 പേരുടെയും യാത്ര വീണ്ടും അനിശ്ചിതത്വത്തില്‍. പ്രശ്നപരിഹാരത്തിനായി സഊദിയിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ കുമാര്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 10,000 തീര്‍ഥാടകര്‍ക്കായി ഹജ്ജ് പോര്‍ട്ടല്‍ വീണ്ടും തുറക്കാന്‍ സഊദി ഹജ്ജ് മന്ത്രാലയം സമ്മതിച്ചെങ്കിലും ബാക്കിയുള്ള തീര്‍ഥാടകരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
അതേസമയം, ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി താമസിക്കുന്ന മിനായിലെ ടെന്റുകളുടെ നഗരിയിലെ സോണ്‍ നമ്പര്‍ 1 ഉം 2 ഉം റദ്ദാക്കിയ വാര്‍ത്ത പരന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടത്. പണമടയ്ക്കലുകളിലെ കാലതാമസവും സേവന കരാറുകള്‍ അന്തിമമാക്കാത്തതും കാരണമാണ് അധികൃതര്‍ അനുവദിച്ചിരുന്ന മിന സോണ്‍ 1 ഉം 2 ഉം റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം മുതല്‍ സഊദി നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും സ്വകാര്യ ഓപറേറ്റര്‍മാരോട് അവരുടെ പേയ്മെന്റുകള്‍ സര്‍ക്കാര്‍ ചാനല്‍ വഴി നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാരില്‍ ഭൂരിഭാഗവും അവരുടെ പേയ്മെന്റുകള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ ഐബാന്‍-ബന്ധിത നുസുക്കിലേക്ക് നേരിട്ട് പണമടച്ചെങ്കിലും ഓപറേറ്റര്‍മാര്‍ക്ക് അവരുടെ ഇടപാടുകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നുമുള്ള പരാതിയാണ് വ്യപകമായി ഉയരുന്നത്.
ജനുവരിയില്‍ ഇന്ത്യയും സഊദിയും തമ്മില്‍ ഒപ്പ് വെച്ച ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ 1,75,025 പേര്‍ക്കായിരുന്നു അവസരം ഉണ്ടായിരുന്നത്. സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ, ഇന്ത്യന്‍ പാര്‍ലിമെന്ററി- ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരാണ് ജിദ്ദയിലെ ഡോമില്‍ നടന്ന ഹജ്ജ് ഉച്ചകോടിയില്‍ വെച്ച് കരാര്‍ ഒപ്പ് വെച്ചത്. ഇന്ത്യയില്‍ നിന്നും ഹജ്ജ് മിഷന് കീഴില്‍ യാത്ര തിരിക്കുന്ന 1,22,518 തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. വിമാനയാത്ര, ഗതാഗതം, മിന ക്യാമ്പുകള്‍, താമസം, സേവനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകളാണ് സഊദി അറബ്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പൂര്‍ത്തിയാക്കിയത്.