Connect with us

From the print

ഹജ്ജ് കമ്മിറ്റി ആദ്യ യോഗം നാളെ; പുതിയ ചെയർമാനെ തിരഞ്ഞെടുക്കും

അംഗങ്ങളെ നാമനിർദേശം ചെയ്ത് കഴിഞ്ഞ മാസം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. രാവിലെ 11.30ന് മസ്‌കത്ത് ഹോട്ടലിൽ ചേരുന്ന യോഗത്തിൽ ഹജ്ജ് മന്ത്രി വി അബ്ദുർറഹ്‌മാൻ സംബന്ധിക്കും. അംഗങ്ങൾ ചേർന്ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. അംഗങ്ങളെ നാമനിർദേശം ചെയ്ത് കഴിഞ്ഞ മാസം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള യോഗം നാളെ ചേരുന്നത്.
ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഹജ്ജ് അംഗങ്ങളെ നാമനിർദേശം ചെയ്ത് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാൻ വൈകിയിരുന്നു.

സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുൻ ഹജ്ജ് കമ്മിറ്റിയിലെ ആറ് പേരെ നിലനിർത്തിക്കൊണ്ടാണ് സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പി വി അബ്ദുൽ വഹാബ് എം പി, പി ടി എ റഹീം എം എൽ എ, മുഹമ്മദ് മുഹ്‌സിൻ എം എൽ എ, ഉമർ ഫൈസി മുക്കം, അക്ബർ പി ടി, അഡ്വ. മൊയ്തീൻ കുട്ടി, മുഹമ്മദ് റാഫി പി പി തുടങ്ങിയവരെയാണ് വീണ്ടും നാമനിർദേശം ചെയ്തത്.

ഇതിന് പുറമെ മർകസ് പ്രോ. ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പാലക്കാട് ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അശ്കർ കോരാട്, ജഅ്ഫർ ഒ വി, ശംസുദ്ദീൻ അരിഞ്ചിറ, നൂർ മുഹമ്മദ് നൂർഷ, അനസ് എം എസ്, കരമന ബായാർ, വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ എന്നിവരെയാണ് പുതുതായി നാമനിർദേശം ചെയ്തത്. മലപ്പുറം ജില്ലാ കലക്ടർ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും. ഒക്‌ടോബർ 13നാണ് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്.

Latest