Connect with us

Ongoing News

ഹജ്ജ്: പുതിയ കിസ്‌വയുടെ കൈമാറ്റം നടന്നു; മുഹര്‍റം ഒന്നിന് കഅ്ബയെ അണിയിക്കും

തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന് വേണ്ടി മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കഅ്ബയുടെ മുതിര്‍ന്ന സൂക്ഷിപ്പുകാരന്‍ ഡോ. സാലിഹ് ബിന്‍ സൈനിന് പുതിയ കിസ്വ കൈമാറി.

Published

|

Last Updated

മക്ക | പുണ്യ മുഹര്‍റം മാസത്തില്‍ വിശുദ്ധ കഅ്ബയെ അണിയാക്കാനുള്ള പുതിയ കിസ്‌വയുടെ കൈമാറ്റം നടന്നു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന് വേണ്ടി മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ കഅ്ബയുടെ മുതിര്‍ന്ന സൂക്ഷിപ്പുകാരന്‍ ഡോ. സാലിഹ് ബിന്‍ സൈനിന് പുതിയ കിസ്വ കൈമാറി. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ: അബ്ദുറഹ്‌മാന്‍ അല്‍-സുദൈസും മുതിര്‍ന്ന ജീവ നക്കാരും സംബന്ധിച്ചു. മുഹര്‍റം ഒന്നിന് കിസ്‌വ കഅ്ബയെ അണിയിക്കും.

വിശുദ്ധ കഅ്ബ കിസ്വ നിര്‍മാണത്തിനായി സ്ഥാപിച്ച മക്കയിലെ ഉമ്മുല്‍-ജൂദിലെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന പ്രത്യേക പ്രകൃതിദത്ത നൂല്‍ ഉപയോഗിച്ചാണ് ഇരുനൂറിലധികം നെയ്ത്തുകാര്‍ ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ട് കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 14 മീറ്ററാണ് കിസ്വയുടെ ഉയരം. അതിന്റെ മുകള്‍ ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയും 47 മീറ്റര്‍ നീളവുമുള്ള ഒരു ബെല്‍റ്റില്‍ 16 ചെറിയ ഭാഗങ്ങള്‍ ഇസ്ലാമിക വാസ്തു ശില്‍പ്പാലങ്കാരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കിസ്വയില്‍ അഞ്ച് പ്രധാന ഭാഗങ്ങളാണുള്ളത്. ഇതില്‍ നാലെണ്ണം വിശുദ്ധ കഅ്ബയുടെ വശങ്ങള്‍ മൂടുകയും, അഞ്ചാമത്തെ ഭാഗം പ്രധാന കവാട ഭാഗത്ത് തൂക്കിയിടുകയും ചെയ്യും. സാധാരണ എല്ലാ വര്‍ഷവും ഹജ്ജ് വേളയില്‍ ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ ഒമ്പതിനായിരുന്നു കിസ്വ അണിയിക്കല്‍ ചടങ്ങ് നടന്നിരുന്നത്.

 

സിറാജ് പ്രതിനിധി, ദമാം

Latest