karipur airport hajj embarkation
ഹജ്ജ്; കോഴിക്കോട്ടും എംബാർക്കേഷൻ വേണം
2021 ലെ ഹജ്ജ് നയപ്രകാരം കേരളത്തിലെ ഏക എംബാർക്കേഷൻ പോയിന്റ് കൊച്ചിയാണ്

താനൂർ | ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കൊച്ചിക്ക് പുറമെ കോഴിക്കോട്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുർറഹ്്മാൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്്വിയുമായും, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
2019 വരെ കോഴിക്കോട്ടും കൊച്ചിയിലും ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ഉണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വലിയ വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാത്തത് കാരണമാണ് കേഴിക്കോട്ട് എംബാർക്കേഷൻ പോയിന്റ് നിർത്തലാക്കിയത്. 2021 ലെ ഹജ്ജ് നയപ്രകാരം കേരളത്തിലെ ഏക എംബാർക്കേഷൻ പോയിന്റ് കൊച്ചിയാണ്.
നിലവിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരുള്ളത് മലബാറിലാണ്. ഇക്കാരണത്താൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കോഴിക്കോട്ട് വരേണ്ടത് അത്യാവശ്യമാണ്. കേന്ദ്രമന്ത്രിമാർ ഇത് പരിഗണിക്കണമെന്നും വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ടെക്നിക്കൽ കമ്മിറ്റി നിലവിൽ വരികയാണെന്നും മന്ത്രി പറഞ്ഞു. ടെക്നിക്കൽ കമ്മിറ്റി ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളും പരിശോധിക്കുകയാണെന്നും 15 ദിവസത്തിനകം കോഴിക്കോട്ടും ഈ കമ്മിറ്റി പരിശോധന നടത്തുമെന്നും വേഗത്തിൽ റിപ്പോർട്ട് ലഭ്യമാക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി അബ്ദുർറഹ്്മാൻ പറഞ്ഞു. ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് എംബാർക്കേഷൻ പോയന്റ് അനുവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിലെങ്കിലും പരിഗണിക്കാമെന്ന് വ്യോമയാന മന്ത്രി അറിയിച്ചിട്ടുണ്ട്.