hajj 2023
ഹജ്ജ്: പ്രധാന പുറപ്പെടൽ കേന്ദ്രം കരിപ്പൂർ ഹജ്ജ് ഹൗസ്
നെടുമ്പാശ്ശേരിയും കണ്ണൂരും ഉപകേന്ദ്രങ്ങൾ
തിരുവനന്തപുരം | ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള സംസ്ഥാനത്തെ പ്രധാന പുറപ്പെടൽ കേന്ദ്രം കരിപ്പൂർ ഹജ്ജ് ഹൗസ് തന്നെ. നിലവിൽ പുറപ്പെടൽ കേന്ദ്രങ്ങളായി കരിപ്പൂരിന് പുറമെ നിശ്ചയിച്ച നെടുമ്പാശ്ശേരിയും കണ്ണൂരും ഉപകേന്ദ്രങ്ങളാകും. സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുർറഹ്മാന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ധാരണയായത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചുചേർത്തത്.
തീർഥാടകർക്കുള്ള സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച മന്ത്രി, വനിതാ തീർഥാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഹജ്ജ് ഹൗസിൽ നിർമിച്ച വനിതാ ബ്ലോക്ക് ഉടനെ ഉദ്ഘാടനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഹാജിമാർക്ക് കുറ്റമറ്റ രീതിയിൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യയിൽ സംസ്ഥാന സർക്കാർ നോഡൽ ഓഫീസറെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നിന്ന് ഒന്നാം ഘട്ടത്തിലും കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാം ഘട്ടത്തിലും ഹാജിമാരുടെ പുറപ്പെടൽ ക്രമീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.
പുതിയ പുറപ്പെടൽ കേന്ദ്രമായ കണ്ണൂർ വിമാനത്താവളത്തിന് അടിയന്തര സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. ഇതിനായി കലക്ടർമാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും.
മദീനയിൽ ഹാജിമാർക്ക് ഭക്ഷണലഭ്യത ഉറപ്പാക്കുന്നതിന് മദീനയിലുള്ള കാറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുമായി ബന്ധപ്പെടുന്നതിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം എന്നിവർക്ക് മന്ത്രി നിർദേശം നൽകി.
ഹജ്ജ് കമ്മിറ്റി ചെയർമാന് പുറമേ അംഗങ്ങളായ പി ടി എ റഹീം, പി മുഹമ്മദ് മുഹ്‌സിൻ എം എൽ എ, മുഹമ്മദ് റാഫി, പി ടി അക്ബർ, കെ എം മുഹമ്മദ് കാസിം കോയ, മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എറണാകുളം ജില്ലാ കലക്ടർ രേണു രാജ്, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് സംസാരിച്ചു.