hajj2024
ഹജ്ജ്: ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി
ആദ്യദിനത്തില്‍ ജംറത്തുല്‍ അഖബയിലാണ് കല്ലേറ് കര്‍മം ഹാജിമാര്‍ നിര്‍വഹിച്ചത്
മിന | ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗ സ്മരണകള്‍ ഒരിക്കല്‍ കൂടി പുതുക്കി ഹജ്ജ് കര്‍മ്മങ്ങളിലെ പ്രധാന ചടങ്ങായ ജംറയിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി.
ആദ്യദിനത്തില്‍ ജംറത്തുല്‍ അഖബയിലെ കല്ലേറ് കര്‍മ്മമാണ് ഹാജിമാര്‍ പൂര്‍ത്തിയാക്കിയത്. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിലെത്തിയ ഹാജിമാര്‍ അവിടെ രാപ്പാര്‍ക്കുകയും ജംറകളില്‍ എറിയുവാനുള്ള കല്ലുകള്‍ ശേഖരിച്ച ശേഷം പുലര്‍ച്ചയോടെ മുസ്ദലിഫയില്‍ നിന്ന് മിനായിലെത്തി കല്ലേറ് കര്‍മ്മം നടത്തുകയും ചെയ്തു. ഈദുല്‍ അദ്ഹയുടെ ആദ്യദിനത്തില്‍ സുബഹി മുതല്‍ തന്നെ കല്ലേറ് കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.
ജംറകളിലെ തിരക്ക് ഒഴിവാക്കുന്നതിനും സുഖകരമായി ഹാജിമാര്‍ക്ക് കര്‍മം പൂര്‍ത്തിയാക്കുന്നതിനും മിനായിലെ മുഴുവന്‍ വഴികളിലും കനത്ത സുരക്ഷയാണ് ഹജ്ജ് സുരക്ഷാസേന ഈ വര്‍ഷം ഒരുക്കിയിരുന്നത്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജംറയില്‍ രണ്ട് ഹെലിപ്പാഡുകളും ആംബുലന്‍സുകളും താത്കാലിക ആശുപത്രികളും സജ്ജമാക്കിയിരുന്നു. കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ ഉളുഹിയ്യ കര്‍മ്മം നിര്‍വ്വഹിക്കുകയും തല മുടി നീക്കി മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫുല്‍ ഇഫാളയും സഇയ്യ് കര്‍മവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇഹ്‌റാം വേഷം മാറുകയും പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യും.