Connect with us

International

ഹജ്ജ്: ഈ വര്‍ഷം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അവസരം

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ മുസ്ലീങ്ങളെയും സഊദി അറേബ്യ സ്വാഗതം ചെയ്യുന്നുവെന്ന് ഹജ്ജ് മന്ത്രാലയം. ഒരു രാജ്യത്തെയും ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് പറഞ്ഞു.

ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ളത്. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ 2022ലെ ഹജ്ജ് കര്‍മത്തില്‍ സഊദി അറേബ്യക്ക് പുറത്ത് നിന്നു വരുന്ന തീര്‍ഥാടകരായിരിക്കും ഏറ്റവും കൂടുതലായി പങ്കെടുക്കുകയെന്നും ഹിഷാം സഈദ് അറിയിച്ചു. അല്‍-അറബിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആയിരത്തില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് ഓരോ വിദേശ രാജ്യത്ത് നിന്നുള്ളവര്‍ക്ക് ക്വാട്ട അനുവദിക്കുക. ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്വാട്ട നിര്‍ണയിക്കുന്നത്. അതേസമയം, സഊദിയില്‍ കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും, മൂന്ന് ഡോസ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ ഹജ്ജ് കര്‍മത്തിന് അനുമതിയുണ്ടാവുകയുള്ളൂവെന്നും വക്താവ് പറഞ്ഞു.

Latest