From the print
ഹജ്ജ് യാത്ര മെയ് 16 മുതല്‍
കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍ , കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഒരേ ദിവസമാണ് യാത്ര ആരംഭിക്കുന്നത്.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് മെയ് 16ന് തുടക്കമാകും. കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍ , കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഒരേ ദിവസമാണ് യാത്ര ആരംഭിക്കുന്നത്.
കോഴിക്കോട് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനവും കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനവും കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് ഹജ്ജ് യാത്ര കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഹജ്ജ് യാത്ര രണ്ടാം ഘട്ടം എന്ന നിലയിലാണ് കേരളത്തില്‍ നിന്നുള്ള യാത്ര. ഒന്നാംഘട്ട യാത്രക്കാര്‍ നേരിട്ട് മദീനയിലേക്കും തിരിച്ചുള്ള വരവ് ജിദ്ദയില്‍ നിന്നുമായിരിക്കും.
കേരളം ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട പുറപ്പെടല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ട് ജിദ്ദയിലേക്കും മടക്കം മദീന വഴിയുമായിരിക്കും. ഇന്ത്യയിലെ 20 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഒന്ന്, രണ്ട് എന്നീ ഘട്ടങ്ങള്‍ എന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്ന് 15,591 പേര്‍ക്കാണ് ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചത്. ഇതില്‍ 5,857 പേര്‍ കോഴിക്കോട്ട് നിന്നും 5,573 പേര്‍ കൊച്ചിയില്‍ നിന്നും 4,135 പേര്‍ കണ്ണൂരില്‍ നിന്നുമായിരിക്കും പുറപ്പെടുക .
അതേസമയം, കോഴിക്കോട്ട് നിന്ന് 500 ഓളം പേര്‍ക്ക് കണ്ണൂര്‍ വിമാനത്താവളം വഴി പുറപ്പെടുന്നതിന് അവസരം ലഭിച്ചതോടെ കോഴിക്കോട് നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മാറ്റം വരും. കേരളത്തില്‍ അപേക്ഷിച്ച വരില്‍ 26 പേര്‍ മറ്റ് സംസ്ഥാനങ്ങള്‍ വഴിയാണ് ഹജ്ജിന് പുറപ്പെടുന്നത്. കരിപ്പൂരില്‍ 160 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് സര്‍വീസ് നടത്തുന്നത്.
മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ 410 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളതിനെക്കാള്‍ 40,000 ത്തോളം രൂപ അധികമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഈടാക്കുന്നത്.