hajj 2022
ഹജ്ജ് മുന്നൊരുക്കം; കഅബയുടെ കിസ്‌വ ഉയർത്തിക്കെട്ടി
ഈ വര്‍ഷവും ഹാജിമാര്‍ക്ക് കഅബ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല
മക്ക | ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് മുന്നോടിയായി കഅബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വ ഉയർത്തിക്കെട്ടി. ഹജ്ജ് കർമങ്ങളുടെ മുന്നോടിയായുള്ള പതിവ് രീതി അനുസരിച്ചാണ് ഇത്തവണയും കിസ്‌വ തറ നിരപ്പിൽ നിന്നും മൂന്ന് മീറ്ററോളം ഉയര്‍ത്തികെട്ടിയത്.
ഹാജിമാരുടെ തിരക്ക് കണക്കിലെടുത്തും കിസ്‌വയുടെ വൃത്തി കാത്തുസൂക്ഷിക്കുന്നതിനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുമാണ് ഉയര്‍ത്തി കെട്ടുന്നത്. സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷവും ഹാജിമാര്‍ക്ക് കഅബ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല.
കഅ്ബയുടെ നാല് വശങ്ങളിലും മൂന്ന് മീറ്റർ ഉയര്‍ത്തി കെട്ടുകയും ഉയര്‍ത്തിയ ഭാഗത്ത് രണ്ട് മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടുതുണി കൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുർറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ-സുദൈസ്, കിസ്‌വ നിർമാണ ചുമതലയുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സ് ജീവനക്കാർ, ഹറം ജീവനക്കാർ എന്നിവർ ചേർന്നാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്.
ദുല്‍ഹിജ്ജ ഒൻപതിന് നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനത്തില്‍ ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമാണ് എല്ലാ വര്‍ഷവും കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കുക. പുതിയ കിസ്‌വ അണിയിച്ച ശേഷം വീണ്ടും കിസ്‌വ ഉയർത്തികെട്ടുകയും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ശേഷം കിസ്‌വ താഴ്ത്തിയിടുകയും ചെയ്യും.