hajj 2023
ഹജ്ജ് ക്വാട്ട: സ്വകാര്യ ഗ്രൂപ്പുകളുടെ അപേക്ഷ തള്ളി
കേരളത്തില്‍ നിന്നുള്ള 26 അപേക്ഷകള്‍ നിരസിച്ചു
കോഴിക്കോട് | കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യത്തെ 280 സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ടക്കുള്ള അപേക്ഷ കേന്ദ്രം തള്ളി. മതിയായ രേഖകളില്ലാത്തതും ന്യൂനപക്ഷ മന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ അപേക്ഷകളാണ് തള്ളിയതെന്നാണ് വിശദീകരണം. കേരളത്തില്‍ നിന്ന് നൂറോളം അപേക്ഷകരില്‍ നിന്ന് 26 ഗ്രൂപ്പുകളുടെ അപേക്ഷ തള്ളി. ഇതാദ്യമായാണ് ഇത്രയേറെ സ്വകാര്യ ഗ്രൂപ്പുകളുടെ അപേക്ഷ ഒന്നിച്ച് തള്ളുന്നത്.
അപേക്ഷ നിരസിക്കപ്പെട്ട ഗ്രൂപ്പുകള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ നാളെ വരെ സമയം അനുവദിച്ചു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഈ സമയം അപര്യാപ്തമാണ്. ഇന്നലെയും ഇന്നും ഓഫീസ് അവധിയായതിനാല്‍ ഒരു ദിവസം മാത്രമാണ് ലഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ സ്വകാര്യ ഗ്രൂപ്പിന്റെ ഉടമ തന്നെ നേരിട്ട് ഡല്‍ഹിയിലെ ഹജ്ജ് ഡിവിഷന്‍ ഓഫീസില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിന് കാറ്റഗറി-1, കാറ്റഗറി-2 എന്നീ വിഭാഗങ്ങളിലായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരത്തേ സ്വകാര്യ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 810 സ്വകാര്യ ഗ്രൂപ്പുകളാണ് അപേക്ഷ സമര്‍പ്പിച്ചത്. കാറ്റഗറി ഒന്നില്‍ 244ഉം കാറ്റഗറി രണ്ടില്‍ 566ഉം. ഇതില്‍ കാറ്റഗറി ഒന്നില്‍ 171ഉം കാറ്റഗറി രണ്ടില്‍ 340ഉം അപേക്ഷകള്‍ സ്വീകരിച്ചു. അപേക്ഷ സ്വീകരിച്ചതും തള്ളിയതുമായ മുഴുവന്‍ സ്വകാര്യ ഗ്രൂപ്പുകളുടെയും പട്ടിക കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
അപേക്ഷ സ്വീകരിച്ച ഗ്രൂപ്പുകള്‍ക്ക് ക്വാട്ട നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ട ഗ്രൂപ്പുകളുടെ അപ്പീല്‍ നടപടികള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് ഫസ്റ്റ് കാറ്റഗറിയില്‍ 33ഉം സെക്കന്‍ഡ് കാറ്റഗറിയില്‍ 41ഉം അപേക്ഷകള്‍ സ്വീകരിച്ചു. 26 അപേക്ഷകള്‍ തള്ളി. മുന്‍വര്‍ഷങ്ങളിലെ ഫസ്റ്റ് സ്റ്റാര്‍, ഫസ്റ്റ്, സെക്കന്‍ഡ് എന്നീ കാറ്റഗറികള്‍ നിര്‍ത്തലാക്കിയാണ് ഇപ്രാവശ്യം കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്. അഞ്ച് കോടി ടേണോവറും മൂന്ന് വര്‍ഷത്തെ ഹജ്ജ് യാത്രാ പരിചയവുമുള്ള ഗ്രൂപ്പുകളാണ് കാറ്റഗറി ഒന്ന്. രണ്ട് വര്‍ഷത്തെ ഹജ്ജ് പരിചയമോ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഉംറ പരിചയമോ ഉള്ള സ്വകാര്യ ഗ്രൂപ്പുകളാണ് കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്നത്. 1.5 കോടിയോ അതിന് മുകളിലോ ഇവര്‍ക്ക് ടേണോവര്‍ ഉണ്ടായിരിക്കണം.
ഇപ്രാവശ്യം ഇന്ത്യക്ക് 1,75,025 ഹജ്ജ് ക്വാട്ടയാണ് സഊദി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ 20 ശതമാനമാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ലഭിക്കുക. ഇപ്രകാരം 35,005 സീറ്റുകളാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിക്കുക. ഇതില്‍ നിന്നാണ് രാജ്യത്തെ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് വീതംവെക്കുന്നത്. 70 ശതമാനം സീറ്റുകള്‍ കാറ്റഗറി ഒന്നിലുള്ള അപേക്ഷകര്‍ക്കാണ് നല്‍കുക. ബാക്കിയുള്ള സീറ്റുകള്‍ കാറ്റഗറി രണ്ട് ഗ്രൂപ്പുകള്‍ക്ക് നല്‍കും. കാറ്റഗറി ഒന്നിലുള്ള അപേക്ഷകര്‍ക്ക് 24,503 സീറ്റുകളും സെക്കന്‍ഡ് കാറ്റഗറിക്ക് 10,502 സീറ്റുകളും ലഭിക്കും.