Connect with us

Saudi Arabia

ഹജ്ജ് നിയന്ത്രണങ്ങള്‍ ഏപ്രിൽ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തില്‍ വരും

മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

Published

|

Last Updated

മക്ക| ഹജ്ജ് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള നിയന്ത്രണങ്ങള്‍ ഏപ്രിൽ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തില്‍ വരുമെന്ന് സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക പെർമിറ്റ് നേടണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് അധികൃതരെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹജ്ജ് സീസണിൽ വിശുദ്ധ നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും  തീര്‍ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.ആവശ്യമായ പെർമിറ്റുകൾ ഇല്ലാത്ത താമസക്കാരെ മക്കയിലേക്ക് വരുന്നവരെ ബുധനാഴ്ചമുതൽ  സുരക്ഷാ സേന ചെക്ക്‌പോസ്റ്റുകളിൽ നിന്നും തിരിച്ചയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സാധുവായ ഹജ്ജ് പെർമിറ്റില്ലാതെ തീർത്ഥാടകരെ കൊണ്ടുപോകുന്നവർക്ക് 10,000 സഊദി റിയാൽ പിഴ ചുമത്തുകയും നിയമലംഘകർക്ക് 15 ദിവസം വരെ തടവും നേരിടേണ്ടിവരും.കൂടാതെ കോടതി ഉത്തരവ് പ്രകാരം നിയമലംഘകരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും.ഹജ്ജ് അനുമതിപത്രം ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചാൽ ജയിൽ ശിക്ഷയും അതിനുശേഷം അവരെ നാടുകടത്തുകയും നിശ്ചിത കാലയളവിലേക്ക് അവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്യും.

ഹജ്ജ് സീസണിൽ മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “തസ്രീഹ്” യുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ അബ്ഷിര്‍, മുഖീം പോര്‍ട്ടലുകള്‍ മുഖേന പ്രവേശന അനുമതി പത്രത്തിന് അപേക്ഷിക്കാനാവും.

Latest