National
ഹജ്ജ് യാത്രാ അനിശ്ചിതത്വം: അലംഭാവത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍; നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍
420,00 പേരുടെ ഹജ്ജ് യാത്രയാണ് അവസാന ഘട്ടത്തില്‍ മുടങ്ങിയത്.

ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഹാജിമാരുടെ യാത്ര മുടങ്ങിയതോടെ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ വഴി അപേക്ഷിച്ചവരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഹജ്ജ് യാത്ര മുടങ്ങാന്‍ കാരണം സ്വകാര്യ ഓപറേറ്റര്‍മാരുടെ വീഴ്ചയാണെന്ന് കേന്ദ്രസര്‍ക്കാറും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ഇന്ത്യന്‍ ഹജ്ജ് ഗ്രൂപ്പുകളോട് സമയപരിധി പാലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മിന ക്യാമ്പുകള്‍, താമസം, തീര്‍ഥാടകരുടെ ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള നിര്‍ബന്ധിത കരാറുകള്‍ അന്തിമമാക്കുന്നതിന് സഊദി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കഴിഞ്ഞിരുന്നില്ല. സഊദി അറബ്യയുടെ ഹജ്ജ് പോര്‍ട്ടല്‍ (നുസുക് പോര്‍ട്ടല്‍) നേരത്തെ അടച്ചിരുന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ന്യൂനപക്ഷകാര്യ മന്ത്രാലയം, സഊദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം എന്നിവ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതിന് കാരണമെന്നാണ് സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാരുടെയും ആരോപണം.
കേന്ദ്ര സര്‍ക്കാരിന്റെ 2025-ലെ കേന്ദ്ര ഹജ്ജ് നയം അനുസരിച്ച്, ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള മൊത്തം ഹജ്ജ് ക്വാട്ടയില്‍ നിന്ന് 70 ശതമാനം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കും, ബാക്കി വന്ന 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായിരുന്നു നല്‍കിയിരുന്നത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ ഫെബ്രുവരിയില്‍ തന്നെ പണം അടച്ചിരുന്നതായും സര്‍വീസ് തുകയായി 1000 രൂപ അധികം നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്ര ഉദ്യോഗസ്ഥരുടെ അലംഭാവമെന്ന് ആക്ഷേപമുയര്‍ന്നതോടെ വിഷയത്തില്‍ ഇടപെട്ട് തമിഴ്നാട്, ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തി. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകാന്‍ തയ്യാറായവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാന്നെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രത്തോട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് സ്ലോട്ടുകള്‍ റദ്ദാക്കിയ സംഭവം തീര്‍ഥാടകര്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും വലിയ ദുരിതം സൃഷ്ടിച്ചിട്ടുണ്ടെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എത്രയും വേഗം സഊദി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും ഈ വര്‍ഷം തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിനു പേരുടെ ദുരിതം ലഘൂകരിക്കുന്നതിന് ഈ നടപടി നിര്‍ണായകമാണെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് ക്വാട്ട കുറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നിവേദനം നല്‍കി.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടന യാത്രയിലെ അനിശ്ചിതത്വം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ടയിലെ മുഴുവന്‍ ഹജ്ജ് സീറ്റുകളും പുനഃസ്ഥാപിക്കാന്‍ നയതന്ത്ര ഇടപെടല്‍ തേടണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.