Ongoing News
ഹജ്ജ്: ഏപ്രില്‍ 29 മുതല്‍ ഉംറ തീര്‍ഥാടനം ഹാജിമാര്‍ക്ക് മാത്രം
നുസുക് വഴിയുള്ള ഉംറ പെര്‍മിറ്റുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച്, ദുല്‍-ഹിജ്ജ 14 നു ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കും

മക്ക | എല്ലാവര്‍ക്കും സുരക്ഷിതവും സംഘടിതവുമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ ഹജ്ജ് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശനാനുമതി ലഭിക്കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ‘നുസുക്’ വഴിയുള്ള ഉംറ പെര്‍മിറ്റുകള്‍ 2025 ഏപ്രില്‍ 29 മുതല്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്നും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച്, ദുല്‍-ഹിജ്ജ 14 നു ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മക്കയില്‍ താമസിക്കാന്‍ അനുമതി ലഭിച്ചവര്‍, ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍, ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അധികാരമുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് മാത്രമാണ് ഹജ്ജ് വേളയില്‍ പ്രവേശന അനുമതിയുള്ളത്. അനുമതിപത്രമില്ലാത്തവര്‍ക്ക് മക്ക നഗരത്തിലേക്ക് പ്രവേശിക്കാനോ അവിടെ താമസിക്കാനോ അനുവാദമില്ല. വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുന്നിതിനും ആഭ്യന്തര മന്ത്രാലയം നിരവധി നടപടിക്രമങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹജ്ജ് സീസണിലെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഉംറ തീര്‍ഥാടകര്‍ക്ക് സഊദിയില്‍ പ്രവേശിക്കാനുള്ള അവസാന തീയതി ഇന്ന് (2025 ഏപ്രില്‍ 13) അവസാനിക്കും. തീര്‍ഥാടകര്‍ക്കുള്ള മടക്കയാത്രയുടെ അവസാന തീയതി 2025 ഏപ്രില്‍ 29 ആണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി