Saudi Arabia
ഹജ്ജ്: താമസ സ്ഥലങ്ങളില്‍ അത്യാഹിതമുണ്ടായാല്‍ എന്ത് ചെയ്യും; മക്കയില്‍ മോക്ഡ്രില്‍ നടത്തി
വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മക്കയില്‍ ആരോഗ്യകാര്യ ജനറല്‍ ഡയറക്ടറേറ്റ് തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അനുമാന പരീക്ഷണം നടത്തിയത്.
മക്ക | ഹജ്ജ് വേളയില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ അത്യാഹിതമുണ്ടായാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനം എങ്ങനെയാണെന്ന് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മോക്ഡ്രില്‍ നടത്തി. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മക്കയില്‍ ആരോഗ്യകാര്യ ജനറല്‍ ഡയറക്ടറേറ്റ് തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അനുമാന പരീക്ഷണം നടത്തിയത്.
കെട്ടിടങ്ങളിലെ തീപ്പിടിത്തം, കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങുക തുടങ്ങിയ അത്യാഹിത സമയങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു പരിശീലനം. മോക്ഡ്രില്‍ വിജയമായിരുന്നുവെന്ന് മക്ക മേഖലയുടെ ആരോഗ്യ വക്താവ് ഹമദ് ബിന്‍ ഫൈഹാന്‍ അല്‍ ഒതൈബി പറഞ്ഞു. ആരോഗ്യ-സുരക്ഷാ അധികാരികളുടെയും വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് മോക്ഡ്രില്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട്, നാഷണല്‍ സെന്റര്‍ ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ്, ഏകീകൃത സുരക്ഷാ പ്രവര്‍ത്തന വിഭാഗം, മക്കയിലെ ഫസ്റ്റ് ഹെല്‍ത്ത് ക്ലസ്റ്റര്‍, അല്‍ നൂര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍, എമര്‍ജന്‍സി സെന്ററുകള്‍ പങ്കെടുത്തു.