From the print
ഹജ്ജ് സോൺ പ്രതിനിധി തിരഞ്ഞെടുപ്പ് ; കേരളത്തിന്റെ സഹായം തേടി തമിഴ്നാട്
രാജ്യത്ത് ഏറ്റവും കൂടുതൽ ഹാജിമാരെ ഹജ്ജിനയക്കുന്ന സംസ്ഥാനമെന്ന പരിഗണനയിൽ കേരളത്തിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ സംസ്ഥാനത്ത് നിന്ന് ഒരംഗത്തിന് പ്രാതിനിധ്യം ലഭിക്കാറുണ്ട്
കോഴിക്കോട് | കേരളം ഉൾപ്പെടുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സോൺ പ്രതിനിധി തിരഞ്ഞെടുപ്പ് ഈ മാസം 28ന് ഡൽഹിയിൽ. തമിഴ്നാട്, കർണാടക, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് പ്രദേശങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച ഹജ്ജ് സോൺ ആറിൽ വരുന്നത്. മൊത്തം ആറ് സോണുകളാണ് ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹാജിമാരെ ഹജ്ജിനയക്കുന്ന സംസ്ഥാനമെന്ന പരിഗണനയിൽ കേരളത്തിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ സംസ്ഥാനത്ത് നിന്ന് ഒരംഗത്തിന് പ്രാതിനിധ്യം ലഭിക്കാറുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, സോൺ പ്രതിനിധിയെന്ന നിലക്ക് കഴിഞ്ഞ തവണത്തെ കമ്മിറ്റിയിൽ കർണാടകക്കാണ് അവസരം ലഭിച്ചത്.
തമിഴ്നാടുമായുള്ള ധാരണപ്രകാരം കഴിഞ്ഞ തവണ മത്സരം നടന്നില്ല. അടുത്ത തവണ തമിഴ്നാടിന് അവസരം ലഭിക്കുന്ന കാര്യത്തിൽ കർണാടകയുമായി ധാരണയായിരുന്നു. എന്നാൽ, ഇപ്രാവശ്യം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധിക്ക് അവസരം നൽകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സോൺ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ മത്സരം നടക്കുന്നത്. കർണാടക സ്ഥാനാർഥിയെ നിർത്തുമെന്നാണ് വിവരം. അങ്ങനെ മത്സരം ഉണ്ടാകുകയാണെങ്കിൽ വോട്ട് ചെയ്യണമെന്നഭ്യർഥിച്ചാണ് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുന്ന ഹസൻ മൗലാന എം എൽ എ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സഹായം തേടിയത്. ഇതിന്റെ ഭാഗമായി ഇദ്ദേഹം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. അഞ്ച് അംഗങ്ങളുള്ള പോണ്ടിച്ചേരിയിലും സന്ദർശനം നടത്തി ഇദ്ദേഹം പിന്തുണ അഭ്യർഥിച്ചി
ട്ടുണ്ട്.