Connect with us

From the print

ഹജ്ജ് സോണ്‍ പ്രതിനിധി; ഹസന്‍ മൗലാന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കര്‍ണാടകക്കെതിരെ കോണ്‍ഗ്രസ്സ് എം എല്‍ എയെ കളത്തിലിറക്കി തമിഴ്‌നാട്

Published

|

Last Updated

കോഴിക്കോട് | കേരളം ഉള്‍പ്പെടുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആറാമത്തെ സോണ്‍ പ്രതിനിധിയായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഹസന്‍ മൗലാന എം എല്‍ എ തിരഞ്ഞെടുക്കപ്പെട്ടു. സോണ്‍ പ്രതിനിധി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കര്‍ണാടക അവസാന നിമിഷത്തില്‍ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹസന്‍ മൗലാന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണാടകയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെയുള്ള എം എല്‍ എയെ മത്സരരംഗത്തിറക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ സോണ്‍ പ്രതിനിധി സ്ഥാനം പിടിച്ചെടുത്തത്.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പങ്കെടുത്തു.

കഴിഞ്ഞ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ സോണിനെ പ്രതിനിധീകരിച്ചത് കര്‍ണാടകയായിരുന്നു. പുതിയ കമ്മിറ്റിയില്‍ സ്ഥാനം തമിഴ്‌നാടിന് നല്‍കുമെന്ന ധാരണപ്രകാരമായിരുന്നു ഇത്. എന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള പ്രതിനിധി മത്സരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രമുഖ എം എല്‍ എ എന്ന നിലയില്‍ ഹസന്‍ മൗലാനയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മത്സരം നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ പിന്തുണ തേടി ഹസന്‍ മൗലാന എത്തിയിരുന്നു. കേരളത്തിന് പുറമെ പോണ്ടിച്ചേരി, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റികളുടെ പിന്തുണയും തമിഴ്‌നാടിനായിരുന്നു. 30ലധികം അംഗങ്ങളുടെ പിന്തുണ ഹസന്‍ മൗലാനക്കുണ്ടായിരുന്നു. എന്നാല്‍ കര്‍ണാടകക്ക് മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ഇല്ലായിരുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ 10.30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കര്‍ണാടകയില്‍ നിന്നുള്ള ഷാഹിദ്, പരാജയം മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പ് സമയമായ 11.30ന് മുന്പ് പത്രിക പിന്‍വലിക്കുകയായിരുന്നു. ഹസന്‍ മൗലാന തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നാണ് ഉണ്ടാകുക.
തമിഴ്‌നാട്, കര്‍ണാടക, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് പ്രദേശങ്ങളുമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച സോണ്‍ ആറില്‍ വരുന്നത്. മൊത്തം ആറ് സോണുകളാണ് ഉള്ളത്. മുഴുവന്‍ ഒഴിവുകളും നികത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചട്ടം നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സോണ്‍ പ്രതിനിധി തിരഞ്ഞെടുപ്പ് നടന്നത്. 23 അംഗങ്ങള്‍ വേണ്ട സ്ഥാനത്ത് എട്ട് അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നിര്‍ദേശം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്