Malappuram
ഹാജിമാര്‍ എത്തിത്തുടങ്ങി; സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നാളെ മഅദിന്‍ കാമ്പസിൽ
ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കഅബയുടെ മാതൃകയുടെ സഹായത്തോടെ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസ് നയിക്കും.
മലപ്പുറം | ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി സംഘടിപ്പിക്കുന്ന 23-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഇന്ന് (ചൊവ്വ) സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഹജ്ജ് ക്യാമ്പില്‍ സംബന്ധിക്കുന്നതിന് വിദൂര ദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്നലെ തന്നെ എത്തിത്തുടങ്ങിയിരുന്നു. പ്രധാന പന്തലിന് പുറമെ ഓഡിറ്റോറിയത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്. വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കഅബയുടെ മാതൃകയുടെ സഹായത്തോടെ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസ് നയിക്കും. ഹജ്ജ് യാത്രയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദലി. എന്‍, കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയന്‍കോട്, മാസ്റ്റര്‍ ട്രൈനര്‍ പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിക്കും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി എന്നിവര്‍ സംശയനിവാരണത്തിന് നേതൃത്വം നല്‍കും.
ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് ക്യാമ്പില്‍ വിതരണം ചെയ്യും. ക്യൂ ആര്‍ കോഡ് സംവിധാനത്തോടെ തയ്യാറാക്കിയ ഹജ്ജ് ഉംറ ചരിത്രം, പഠനം, അനുഭവം പുസ്തകം ഓഫര്‍ നിരക്കില്‍ ലഭ്യമാകും. ഹാജിമാരുടെ സേവനത്തിനായി പുരുഷന്‍മാര്‍, വനിതകള്‍ അടങ്ങുന്ന 501 അംഗ സന്നദ്ധസേനയും കര്‍മരംഗത്തുണ്ടാകും.