Connect with us

Kerala

ഹക്കീം ഫൈസി ആദൃശ്ശേരിയെ ഇ കെ സമസ്തയിൽ നിന്ന് പുറത്താക്കി

സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കിയതായി ഇ കെ വിഭാഗം സമസ്ത പത്രക്കുറിപ്പിൽ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് | വാഫി- വഫിയ്യ സ്ഥാപനങ്ങളുടെ ഏകോപന സമിതിയായ കോ- ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയും ഇ കെ വിഭാഗം സമസ്ത മലപ്പുറം മുശാവറ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കിയതായി ഇ കെ വിഭാഗം സമസ്ത പത്രക്കുറിപ്പിൽ അറിയിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ചേർന്ന മുശാവറ യോഗത്തിന്റെതാണ് നടപടി.

അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതാണ് നടപടിക്ക് കാരണമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ബോധ്യപ്പെട്ടതായും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇകെ വിഭാഗം സമസ്തയും കേരളത്തിലെ വിവിധ മുസ്‌ലിം സ്ഥാപനങ്ങളുടെ സംയുക്ത വേദിയായ സിഐസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഇരു വിഭാഗവും പരസ്പരം പോരടിക്കുന്നത് പതിവാണ്. സിഐസിയെ നിയന്ത്രിക്കാൻ ഇ കെ സമസ്സത നേതാക്കൾ പലവുരു ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. വഫിയ്യ കോഴ്സിൽ ചേരുന്ന പെൺകുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളിൽ സമസ്ത നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഒരുവിധം പരിഹരിച്ചുവെങ്കിലും ഇരുവിഭാഗവും രണ്ട് ചേരിയിൽ തുടരുകയായിരുന്നു.

കോഴിക്കോട് സ്വപ്ന നഗരിയിൽ അടുത്തിടെ നടന്ന വാഫി വഫിയ്യ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് ഇ കെ സമസ്ത, നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പോഷകസംഘടനാ നേതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകി. തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സി ഐ സി തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ സമസ്ത നേതൃത്വത്തിന്റെ നിർദേശം തള്ളി ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളത്തിൽ പങ്കെടുത്തതോടെ ഭിന്നത കൂടുതൽ രൂക്ഷമായി.

ഹക്കീം ഫൈസിയെ പുറത്താക്കുന്നതിലൂടെ സി.ഐ.സിയെ പൂർണമായും പിടിച്ചെടുക്കാൻ കഴിയുമെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ കണക്കുകൂട്ടലെന്ന് വിലയിരുത്തപ്പെടുന്നു.

Latest