From the print
ഇ കെ വിഭാഗത്തെ പരിഹസിച്ചും കടമകള്‍ പറഞ്ഞുകൊടുത്തും ഹകീം ഫൈസി
'തങ്ങളുടെ വലിയ ഓട്ടപ്പത്തായത്തിലാണ് സമസ്ത വോട്ടും എന്ന് 'ഇ കെ സമസ്ത' വിചാരിക്കുന്നു.'
മലപ്പുറം | ഇ കെ വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയും കടമകള്‍ പറഞ്ഞുകൊടുത്തും സി ഐ സി മുന്‍ ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരി. തങ്ങളുടെ വലിയ ഓട്ടപ്പത്തായത്തിലാണ് സമസ്ത വോട്ടും എന്നു ‘സമസ്ത’ വിചാരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ‘സമസ്തവിരുദ്ധം!’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രൂക്ഷ വിമര്‍ശവും പരിഹാസവും.
ലീഗ്-ഇ കെ വിഭാഗം വിവാദങ്ങളില്‍ ലീഗിനെ ന്യായീകരിച്ചാണ് ഹകീം ഫൈസിയുടെ കുറിപ്പ്. വിശ്വാസരംഗത്തെ ഉത്പതിഷ്ണുത്വത്തെ പ്രതിരോധിക്കുക എന്നത് പ്രധാനമായും കര്‍മശാസ്ത്രവിധികള്‍ പറയുക എന്നത് രണ്ടാമതായും നിറവേറ്റുന്നതായേ ഇതുവരെ ‘സമസ്ത’യെ കണ്ടിട്ടുള്ളൂ. ഈ പതിവ് തെറ്റിച്ച് നേരെ രാഷ്ട്രീയ കാര്യങ്ങളില്‍ ചിലര്‍ തലയിടുന്നു. രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലീഗിനെ അതീവ സമ്മര്‍ദത്തിലാക്കുന്ന ‘സമസ്ത’യുടെ പാരമ്പര്യത്തിന് വിരുദ്ധമായ നീക്കം ചിലരില്‍ നിന്നുണ്ടാകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത് മുസ്്‌ലിം കുടുംബം സ്വീകരിക്കുകയില്ലെന്നും ‘സമസ്ത’ ഉള്‍പ്പെടെയുള്ള മതസംഘടനകളോട് ജനാധിപത്യ സമദൂരം പാലിക്കാനേ ലീഗിന് ബാധ്യതയുള്ളൂവെന്നും ഹകീം ഫൈസി ഇ കെ വിഭാഗത്തെ ഓര്‍മിപ്പിക്കുന്നു.
ഇ കെ വിഭാഗത്തിലെ ലീഗ് വിരോധികളെ ഇഷ്ടപ്പെടുത്താന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന് കരുതുന്നില്ല. ‘സമസ്ത’യിലെ ‘നിഴലു’കളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും പരിഹസിച്ചു. മുസ്്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശ അധികാരങ്ങളെ സംരക്ഷിക്കുക എന്നതാണ് ഭരണഘടന പ്രകാരം ‘സമസ്ത’യുടെ കടമ. ഇതിന് പകരമായി വെറുപ്പ് പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമം ‘സമസ്ത’ വിരുദ്ധവും പാരമ്പര്യങ്ങളുടെ ലംഘനവുമാണ്. പല ‘സമസ്ത’കളുണ്ട്. മറ്റുള്ളവരുമുണ്ട്. അവരുടെയൊക്കെ വോട്ട് നഷ്ടപ്പെടുത്തി ‘സമസ്ത’യിലെ ലീഗ് വിരോധികളെ ഇഷ്ടപ്പെടുത്താന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന് കരുതേണ്ടതില്ല. ഒപ്പം ഉറച്ചുനില്‍ക്കുന്നവരെ അകറ്റുകയല്ല വേണ്ടതെന്നും ഹകീം ഫൈസി പറയുന്നു.
ഇ കെ വിഭാഗത്തിനകത്ത് ലീഗ് അനുകൂല ചേരിയും വിരുദ്ധ ചേരിയും അടുത്തകാലത്തായി ശക്തി പ്രാപിച്ചിട്ടുണ്ട്. രണ്ടാംനിര നേതാക്കള്‍ നേതൃത്വം നല്‍കുന്ന ലീഗ് വിരുദ്ധ ചേരിയുടെ മുന്‍കൈയിലുള്ള ഇ കെ വിഭാഗവും മുസ്്‌ലിം ലീഗും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ ഇ കെ വിഭാഗം പോഷക സംഘടനകള്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കുന്ന സാഹചര്യം വരെയുണ്ടായി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഇ കെ വിഭാഗത്തെ അധിക്ഷേപിച്ചും ലീഗിനെ ന്യായീകരിച്ചും ഹകീം ഫൈസി രംഗത്തെത്തിയിരിക്കുന്നത്.
സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം നിരത്തി നേരത്തേ തന്നെ ഹകീം ഫൈസിയെ ഇ കെ വിഭാഗം പുറത്താക്കിയിരുന്നു. ഈ സമയത്ത് അദ്ദേഹത്തെ സംരക്ഷിച്ചത് മുസ്്‌ലിം ലീഗാണ്. അതിനുള്ള പ്രത്യുപകാരമാണ് ലീഗിനെ ന്യായീകരിച്ചുള്ള കുറിപ്പെന്നാണ് ഇ കെ വിഭാഗം അണികള്‍ പറയുന്നത്.