From the print
ആരോപണം കടുപ്പിച്ച് ഇ കെ വിഭാഗം; സി ഐ സിയില്‍ വാഗ്വാദം തുടരുന്നു
'സമസ്ത'യെ പൊളിക്കാന്‍ ശ്രമം, ഹകീം ഫൈസിക്ക് മതരാഷ്ട്രവാദം.
കോഴിക്കോട് | സി ഐ സി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരിക്ക് മതരാഷ്ട്ര വാദമെന്ന് ഇ കെ മുശാവറ അംഗങ്ങള്‍. ‘സമസ്ത’ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട്ടെ ഇ കെ വിഭാഗം ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം. ആശയപരമായുള്ള ഒളിച്ചു കടത്തലും ‘സമസ്ത’യെ പൊളിക്കാനുള്ള ആസൂത്രിത ശ്രമവുമാണ് ഹകീം ഫൈസി നടത്തുന്നത്.
‘സമസ്ത’യെയും ലീഗിനെയും ഭിന്നിപ്പിക്കണമെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഹകീം ഫൈസി നടത്തുന്ന ക്ലാസ്സുകളിലും ആശയപരമായ ഒളിച്ചുകടത്തലുകളുണ്ട്. പുത്തന്‍വാദികളോട് അകലം പാലിക്കണമെന്നാണ് ‘സമസ്ത’യുടെ നിലപാട്. ഈ നിലപാടില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. നബിദിനത്തിന് ഭക്ഷണം നല്‍കുന്നത് ധൂര്‍ത്ത് അല്ലേ എന്ന ഹകീം ഫൈസിയുടെ വാദം ജമാഅത്തെ ഇസ്ലാമിയുടെ ആശയധാരയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പ്രവാചകന്റെ ജന്‍മദിനം വിശ്വാസികള്‍ക്ക് സന്തോഷ സുദിനമാണ്. ഈ ദിനത്തില്‍ ഭക്ഷണം നല്‍കിയും മധുരം വിതരണം ചെയ്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഈജിപ്തിലും മറ്റും സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെയാണ് ആഘോഷം നടത്തുന്നത്. ഈ തുക വിദ്യാഭ്യാസത്തിന് ചെലവഴിച്ചുകൂടേയന്ന ചോദ്യം മൗഢ്യമാണ്.
കോഴിക്കോട് സ്വപ്ന നഗരിയില്‍ സി ഐ സി ഫെസ്റ്റിന്റെ ഭാഗമായി ലക്ഷങ്ങളാണ് ഹകീം ഫൈസി ധൂര്‍ത്തടിച്ചത്. അദ്ദേഹത്തിന്റെ വാദം മുഖവിലക്കെടുത്താല്‍ ഈ ഫെസ്റ്റ് അതത് സ്ഥാപനങ്ങളില്‍ ചെറിയ രൂപത്തില്‍ നടത്തിയാല്‍ പോരായിരുന്നോയെന്നും മുശാവറ അംഗങ്ങള്‍ ചോദിച്ചു.
മതരാഷ്ട്ര വാദം സംശയിക്കപ്പെടുന്ന പ്രസംഗങ്ങളാണ് ഹകീം ഫൈസി നടത്തുന്നത്. പ്രവാചകന്‍ വഫാത്തായതിന് ശേഷം അനുചരന്‍മാര്‍ ദിക്റിലും മറ്റും സജീവമാകുന്നതിന് പകരം രാഷ്ട്രീയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്നും ഖലീഫമാരാകാനും മറ്റും താത്പര്യം പ്രകടിപ്പിച്ചെന്നുമാണ് ഹകീം ഫൈസി പറയുന്നത്. മതരാഷ്ട്രവാദം ഒളിച്ചുകടത്തലാണ് ഈ പ്രസംഗം. ഹകീം ഫൈസി നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആള്‍ അവിടെ നിന്ന് ജോലി രാജിവെച്ച് പിന്നീട് പോയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലേക്കാണ്. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്.
മുസ്ലിം ലീഗിന്റെ പിന്തുണ ഹകീം ഫൈസിക്ക് ലഭിക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ല. എറണാകുളത്ത് നടക്കുന്ന സി ഐ സി ഫെസ്റ്റില്‍ സ്വാദിഖലി തങ്ങള്‍ പങ്കെടുക്കുമോയെന്നും അറിയില്ല. പ്രവാചകനില്‍ നിന്ന് ലഭിച്ച തനതായ ഇസ്ലാം നിലനിര്‍ത്തലാണ് ‘സമസ്ത’യുടെ ലക്ഷ്യം. ഞങ്ങള്‍ പണ്ഡിത ധര്‍മവും സ്രഷ്ടാവിനോടുള്ള കടമയുമാണ് നിര്‍വഹിക്കുന്നത്. അത് നടപ്പാക്കേണ്ടത് നേതാക്കളും കമ്മിറ്റികളുമാണ്. സി ഐ സിയുടെ പോസ്റ്ററുകള്‍ മുസ്ലിം ലീഗ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, മുസ്ലിം ലീഗില്‍ എല്ലാ വിഭാഗം ആളുകളും ഉണ്ടെന്നും എന്നാല്‍ ‘സമസ്ത’യും മുസ്ലിം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് ബന്ധപ്പെട്ടവരുടെ കടമയാണെന്നും മുശാവറ അംഗം പി എം അബ്ദുസ്സലാം ബാഖവി പറഞ്ഞു. സ്വാദിഖലി തങ്ങള്‍ എസ് വൈ എസിന്റെയും മുസ്ലിം ലീഗിന്റെയും നേതാവാണ്. ലീഗിന്റെ പ്രസിഡന്റ് എന്ന നിലക്ക് ചില ഇളവുകള്‍ അദ്ദേഹത്തിന് വേണ്ടിവരും.
സ്ത്രീ വിദ്യാഭ്യാസ കാര്യത്തിലടക്കം ഒരു സുന്നി സംഘടനക്ക് ആധുനിക കാലത്ത് ചെയ്യാന്‍ കഴിയുന്നതെല്ലാം ‘സമസ്ത’ ചെയ്യുന്നുണ്ട്. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. സ്ത്രീകളെ വിദ്യാഭ്യാസ ബോര്‍ഡുകളുടെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നിയിട്ടില്ല. ‘സമസ്ത’ക്ക് അതിന്റേതായ ചട്ടക്കൂടുണ്ട്. ‘സമസ്ത’യുടെ നേതാക്കളെ ഹകീം ഫൈസി വാദ പ്രതിവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ ദിനത്തില്‍ സി ഐ സി സ്ഥാപനത്തില്‍ ലഡു വിതരണം നടത്തിയെന്ന വിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിക്ക് അധികം താമസിയാതെ ആ സ്ഥാപനത്തില്‍ നിന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും അബ്ദുസ്സലാം ബാഖവി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ‘സമസ്ത’ കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര , അസ്ഗറലി ഫൈസി പട്ടിക്കാട് എന്നിവരും പങ്കെടുത്തു.