Kerala
ഹക്കീം ഫൈസിയെ തള്ളി വീണ്ടും ഇ കെ സമസ്ത; സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന്
ഇസ് ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായതും തിരു നബി (സ) തങ്ങളോടുള്ള ബഹുമാനാദരവുകള്‍ക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ ഹക്കീം ഫൈസി പ്രസംഗിച്ചതായി ബോധ്യപ്പെട്ടെന്ന് മുശാവറ
കോഴിക്കോട് | അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത ഇകെ വിഭാഗം കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. ഇസ് ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായതും തിരു നബി (സ) തങ്ങളോടുള്ള ബഹുമാനാദരവുകള്‍ക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇത് കാരണം വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ കാരണമാകും എന്നും മുശാവറ വിലയിരുത്തി.
ഭാവി കാര്യങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യാന്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്കും യോഗം അന്തിമരൂപം നല്‍കി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാനും പി.പി ഉമര്‍ മുസ്‌ലിയാര്‍ കണ്‍വീനറും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു.