Connect with us

From the print

ഇ കെ വിഭാഗം സമസ്ത ശുദ്ധീകരിക്കപ്പെടണമെന്ന് ഹകീം ഫൈസി

പാണക്കാട് പാരമ്പര്യത്തെ തകർക്കാൻ ശ്രമം നടക്കുന്നു

Published

|

Last Updated

മലപ്പുറം| ഇ കെ വിഭാഗത്തിനെതിരെ തുറന്നടിച്ച് കോ- ഓർഡിനേഷൻ ഓഫ് ഇസ്്ലാമിക് കോളജസ് (സി ഐ സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. ഇ കെ വിഭാഗം “സമസ്ത’യിൽ ശുദ്ധീകരണം ആവശ്യമാണെന്നും നാല് ദിവസങ്ങളിലായി അവിടെ നടന്നത് അശുദ്ധിയാണെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണ്ഡിത സഭയാണത്. കാലത്തിനനുസരിച്ച് പുരോഗമന ശൈലി സ്വീകരിക്കാനുള്ള വൈമനസ്യം അവസാനിപ്പിക്കണം. ഒരു വിഭാഗം പഴഞ്ചൻ നിലപാടുകളുമായാണ് നടക്കുന്നത്. പ്രവർത്തന ശൈലി മാറ്റണം. എല്ലാവരെയും ഉൾകൊള്ളുന്ന സമീപനമാണ് വേണ്ടത്.
“സമസ്ത’യിലെ രണ്ട് പേരായിരുന്നു പ്രശ്നക്കാർ. എന്നാൽ ഇപ്പോഴത് ഒരു ഡസൻ പേരിലേക്കെത്തി. പാണക്കാട് പാരമ്പര്യത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് അസൂയകൊണ്ടാണ്. പാണക്കാട് സ്വാദിഖലി തങ്ങൾക്ക് ഖാസിയാകാൻ യോഗ്യതയുണ്ടെന്നത് പ്രമാണങ്ങൾ സഹിതം വിശദീകരിച്ചതാണ്. “സമസ്ത’യിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് സി ഐ സിയെ ചവിട്ടുപടിയാക്കിയതാണ്. ഈ പ്രശ്നം പരിഹരിക്കാൻ “സമസ്ത’യിലെ ചിലർക്ക് ഒരു താത്്പര്യവുമില്ല.

രണ്ട് വ്യക്തികളുടെ താത്്പര്യങ്ങളാണ് സി ഐ സിക്കെതിരെയുള്ള പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. മുശാവറ അംഗങ്ങളായ സലാം ബാഖവിയും ഉമർ ഫൈസി മുക്കവുമാണോ ഈ രണ്ട് വ്യക്തികൾ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് ഉമർ ഫൈസിയും മറ്റൊരു വ്യക്തിയുമാണെന്നും ഹകീം ഫൈസി പറഞ്ഞു. സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണ്.
എന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങളിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഈ ശല്യം നിൽക്കണമല്ലോ. അതിനാണ് നിയമ നടപടി സ്വീകരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നം സി ഐ സിയെ ചെറുതായി ബാധിച്ചിട്ടുണ്ട്. കുറച്ച് സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു. രണ്ടായിരത്തിലധികം കുട്ടികൾ പഠനം അവസാനിപ്പിച്ചു.

“സമസ്ത’യുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മധ്യസ്ഥൻമാർ മുഖേന നടത്തിയ ചർച്ചയിലാണ് സി ഐ സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പിന്നീട് ഒറ്റക്കെട്ടായി സി ഐ സി ജനറൽ ബോഡി ജന. സെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Latest