Connect with us

Kerala

ഹലാല്‍ വിവാദം; ട്വീറ്റ് വിഷയത്തില്‍ ക്ഷമ ചോദിച്ച് സുഭാഷിണി അലി

സംഘ്പരിവാര്‍ സഹയാത്രികന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി സുഭാഷിണി ട്വിറ്ററില്‍ കുറിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ഭക്ഷണത്തിന് മതമില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നടത്തിയ ഫുഡ് ഫെസ്റ്റിനെ വിമര്‍ശിച്ചതില്‍ മാപ്പു പറഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. സംഘ്പരിവാര്‍ സഹയാത്രികന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി സുഭാഷിണി ട്വിറ്ററില്‍ കുറിച്ചു. സംഘ്പരിവാര്‍ സഹയാത്രികനും കടുത്ത ഇടത് വിമര്‍ശകനുമായ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സുഭാഷിണി അലി ഫുഡ് ഫെസ്റ്റിനെ വിമര്‍ശിച്ചത്. ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

എന്നാല്‍ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കൗണ്ടറില്‍ ‘ഹലാല്‍ ഫുഡ്’ എന്ന ബോര്‍ഡ് കാണാം. ഹലാല്‍ എന്നത് ഒരു ഇസ്ലാമികമായ ഭക്ഷണ രീതിയാണ്. ഭക്ഷണത്തിന് മതമില്ലെങ്കില്‍ പിന്നെന്താണ് ഈ ബോര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്-ശ്രീജിത്ത് പണിക്കരുടെ ഈ ട്വീറ്റ് ആണ് സുഭാഷിണി അലി റീട്വീറ്റ് ചെയ്തത്. പന്നിയിറച്ചിയടക്കം വിളമ്പിയ ഡി.വൈ.എഫ്.ഐ പരിപാടിയെ സംഘ്പരിവാര്‍ പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ശ്രീജിത്ത് പണിക്കരുടെ ട്വീറ്റ് സുഭാഷിണി അലി ഏറ്റുപിടിച്ചതും ചര്‍ച്ചയായി.

 

 

Latest