Connect with us

halal food conspiracy

ഹലാല്‍ ഭക്ഷണം; വര്‍ഗീയത പടര്‍ത്തുന്ന കെ സുരേന്ദ്രനടക്കമുള്ളവരെ തിരുത്തി സന്ദീപ് വാര്യര്‍

'ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലത്'

Published

|

Last Updated

പാലക്കാട് |  ഹോട്ടലുകളില്‍ വിളമ്പുന്ന ഹലാല്‍ ഭക്ഷണം തുപ്പിയാണെന്ന് പറഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ളവരെ തിരുത്തി പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലതാണെന്നും ഇത് സംബന്ധിച്ച വിവാദത്തില്‍ സുരേന്ദ്രന്റെ പേര് പറയാതെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപിന്റെ അഭിപ്രായത്തെ മതനിരപേക്ഷ ചിന്താഗതിയുള്ള പൊതുജനം വലിയ രീതിയില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ചു. എന്നാല്‍ സന്ദീപിനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ അനുകൂലികളും ഒരു വിഭാഗം ക്രിസ്ത്യന്‍ വര്‍ഗീയ വാദികളും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയെന്നതും ശ്രദ്ധേയമാണ്.

ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. നിങ്ങളുടെ ഒരു പോസ്റ്റ് മതിയാകും ഒരു സ്ഥാപനം തകര്‍ക്കാന്‍. എന്നാല്‍ സ്ഥാപനം തകര്‍ക്കുന്നതിലൂടെ പട്ടിണിയിലാകുന്നത് എല്ലാ വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരാണെന്നും സന്ദീപ് ഓര്‍മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ .
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് . മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട് .
അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും . എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി , പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് … ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം .
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം . ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓര്‍ക്കണം . ഓര്‍ത്താല്‍ നല്ലത് . ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ . വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത് .