halal sheep scam
ഹലാല്‍ ആട് തട്ടിപ്പ്: രണ്ട് പേര്‍ കസ്റ്റഡിയില്‍
മലപ്പുറം ജില്ലയിലെ 120 പേരാണ് വഞ്ചിതരായത്.
അരീക്കോട് | ഹലാല്‍ ആടിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. വെള്ളിയാഴ്ച ‘ജുമുഅ ഖുതുബ’യില്‍ ഹലാല്‍ ആട് ബിസിനസ് സംബന്ധിച്ച് വിശദീകരിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു തട്ടിപ്പുരീതി. മലപ്പുറം ജില്ലയിലെ 120 പേരാണ് വഞ്ചിതരായത്. പരാതിക്കാരില്‍ അധികവും അരീക്കോട്, ഊര്‍ങ്ങാട്ടീരി, എടവണ്ണ ഭാഗത്തുള്ളവരാണ്.
വഞ്ചിതരായവര്‍ കൂട്ടായും അല്ലാതെയും അതാത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് പേരെ പാലക്കാട് വെച്ച് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് ഊര്‍ങ്ങാട്ടിരി ചെക്കുന്നുമലയില്‍ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇവിടം കാണിച്ചും മറ്റുമായിരുന്നു ഇരകളെ വശീകരിച്ചിരുന്നത്. ഗള്‍ഫില്‍ ഭര്‍ത്താക്കന്മാരുള്ള ഭാര്യമാരാണ് അധികവും വഞ്ചിതരായത്.
സ്വന്തമായും സംഘമായും ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ബിസിനസ് സംബന്ധിച്ച് പ്രചാരണം നടത്തും. പ്രത്യേക ഇടനിലക്കാരും ഇവര്‍ക്കുണ്ടായിരുന്നു. ബിസിനസിന്റെ തുടക്കത്തില്‍ കൃത്യമായി ലാഭവിഹിതം വിതരണം ചെയ്യുന്നതിനാല്‍ സംശയം ഉണ്ടായില്ല. ഒമ്പത് മാസമായി സംഘത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് കൂട്ടമായി പരാതി നല്‍കിയത്.