Connect with us

Prathivaram

ശബരിമലയിലെ ഹലാൽ ശർക്കര

അനുവദനീയം ആയത് എന്നതാണ് ഹലാൽ കൊണ്ട് ഉദ്ദേശിക്കുന്നത്. അത്, ഭക്ഷണത്തിൽ മാത്രമല്ല ജീവിതത്തിലെ സകല കാര്യങ്ങളിലും ഉണ്ടാകണം എന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അപഹരിച്ചത്, മോഷ്ടിച്ചത്, അവിഹിത മാർഗങ്ങളിലൂടെ നേടിയത് ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഹലാലിന്റെ ഉദ്ദേശ്യം. ശർക്കരയിൽ പോലും അന്യവിദ്വേഷം കാണാൻ കഴിയുന്നത് ഏറെ വിചിത്രവും പ്രതിഷേധാർഹവുമാണ്.

Published

|

Last Updated

 

കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉണ്ടാകാറുള്ള വിവാദങ്ങൾ പലപ്പോഴും കൗതുകം നിറഞ്ഞതാണ്. മിക്കതും അനാവശ്യവും വർഗീയ വിഭജനം ഉൾവഹിക്കുന്നതും. പുറമേ നിരുപദ്രവം എന്ന് തോന്നുന്ന അത്തരം വിവാദങ്ങൾ ദീർഘ കാലാടിസ്ഥാനത്തിൽ നമ്മുടെ നാട്ടിലെ ബഹുസ്വര ജീവിതത്തിനും സൗഹാർദത്തിനും ദോഷം ചെയ്യും. അത്തരത്തിലുള്ള വിവാദങ്ങളിൽ ഏറ്റവും ഒടുവിലായി സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത് ശബരിമലയിലെ ഹലാൽ ശർക്കരയെക്കുറിച്ചാണ്.
എന്താണ് സംഭവം? ശബരിമലയില്‍ അപ്പം, അരവണ നിർമാണത്തിന് വേണ്ടി വാങ്ങിയ ശർക്കരയുടെ ചാക്കിൽ ഹലാല്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട് എന്നതാണ് വിവാദം. ഇതിന്റെ പിന്നിൽ ബോധപൂർവമായ ചില ശ്രമങ്ങൾ ഉണ്ടെന്നും സംഘ് പരിവാർ സംഘടനകൾ ആരോപിക്കുകയും ചെയ്തതോടെ സംഗതി ചൂടുള്ള ചർച്ചയായി. ഹലാൽ ശർക്കര വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെടുകയുമുണ്ടായി. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി ജെ പിയും ഏറ്റെടുത്തു.
ശബരിമല കർമസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും നല്‍കണം. അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചത്.

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കീഴ്്വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. കയറ്റുമതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോര്‍ഡിന് ലഭിച്ചതെന്നും ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിർമിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹിന്ദുത്വ പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ട്.

എന്തും വർഗീയ വിഭജനത്തിനുള്ള ആയുധമാക്കി മാറ്റുക എന്ന സംഘ്പരിവാർ അജൻഡ തന്നെയാണ് ഹലാൽ ശർക്കര വിവാദത്തിലും കാണാൻ കഴിയുന്നത്. പരമാവധി വെറുപ്പ് പ്രചരിപ്പിക്കുക, അതുവഴി ഹിന്ദുത്വ അജൻഡകൾ ചർച്ചയാക്കുക എന്നത് ബി ജെ പി, സംഘ്പരിവാർ പാർട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. മുസ്‌ലിംകൾ നടത്തുന്ന ഹോട്ടലുകളിൽ തുപ്പിയാണ് ഭക്ഷണം നൽകുന്നതെന്ന വിചിത്രമായ കാര്യം കൂടി കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറയുകയുണ്ടായി. എല്ലാം നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് എന്ന് വേണം മനസ്സിലാക്കാൻ. സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് മലയാളികൾക്ക് നന്നായി അറിയാം. ഫുഡ് പാക്കറ്റുകളിൽ ഹലാൽ മുദ്ര പതിപ്പിക്കുന്നതിന്റെ താത്പര്യവും അറിയാം. അനുവദനീയം ആയത് എന്നതാണ് ഹലാൽ കൊണ്ട് ഉദ്ദേശിക്കുന്നത്. അത്, ഭക്ഷണത്തിൽ മാത്രമല്ല ജീവിതത്തിലെ സകല കാര്യങ്ങളിലും ഉണ്ടാകണം എന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അപഹരിച്ചത്, മോഷ്ടിച്ചത്, അവിഹിത മാർഗങ്ങളിലൂടെ നേടിയത് ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഹലാലിന്റെ ഉദ്ദേശ്യം. ശർക്കരയിൽ പോലും അന്യവിദ്വേഷം കാണാൻ കഴിയുന്നത് ഏറെ വിചിത്രവും പ്രതിഷേധാർഹവുമാണ്.
ആളുകളെ പരസ്പരം അകറ്റാനും വെറുപ്പ് പ്രചരിപ്പിക്കാനും ഇത്തരം കാര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന വിദ്വേഷ പ്രചാരകരെയാണ് നാം ഒറ്റപ്പെടുത്തേണ്ടതും പ്രതിരോധിക്കേണ്ടതും.

Latest