Travelogue
തായ്ലാൻഡിലെ ഹലാൽ ഗ്രാമങ്ങൾ
നോർത്ത് തായ്‌ലാൻഡിൽ ഏതാനും മുസ്‌ലിം ഗ്രാമങ്ങളുണ്ട്.എന്നാൽ സൗത്തിലെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഒമ്പതാം നൂറ്റാണ്ടിൽ വിദേശ വ്യാപാരികൾ മുഖേനയാണ് രാജ്യത്ത് ഇസ്‌ലാം പ്രചരിച്ചു തുടങ്ങിയത്.തമിഴ്നാട്ടിലെ കായൽപട്ടണത്തുനിന്ന് തായ് കൊട്ടാരങ്ങളിൽ ജോലിക്കെത്തിയ തൊഴിലാളികളും മതപ്രബോധനത്തിൽ മുഖ്യ പങ്കു വഹിച്ചു.
![](https://assets.sirajlive.com/2025/02/hala-897x538.gif)
ഇനി പോകാനുള്ളത് തായ്്ലാൻഡിലേക്കാണ്. എന്താണ് അവിടെയുള്ളത് എന്നാകും ചോദ്യം. ഉത്തരം പറഞ്ഞാലും സംശയം തീരാത്ത ചോദ്യമാണത്. അതിന് മാത്രമൊക്കെ അവിടെ മുസ്‌ലിം ഗ്രാമങ്ങളുണ്ടോ? ആദ്യഘട്ടത്തിലെ ഞങ്ങളുടെയും ആത്മഗതങ്ങൾ അങ്ങനെയൊക്കെ തന്നെയായിരുന്നു. കിട്ടിയ സൂചകങ്ങൾ വെച്ച് നിരന്തരം അന്വേഷണങ്ങൾ നടത്തി.അങ്ങനെയാണ് പല കാര്യങ്ങളും ചുരുൾ നിവരുന്നത്. ഒന്നല്ല ഒട്ടനേകം കേന്ദ്രങ്ങൾ അവിടെയുണ്ട്.
സിംഗപ്പൂർ എയർപ്പോർട്ടിന്റെ അലങ്കാര ഭംഗി ആസ്വദിക്കുമ്പോഴും അവയൊക്കൊ കാണാനാകുമോ എന്നതായിരുന്നു ആധി. ലക്ഷ്യസ്ഥാനങ്ങൾ കൃത്യമല്ലാത്തതിനാൽ തുടർയാത്ര എന്താകുമെന്ന ആശങ്ക. പക്ഷേ, അപ്പോഴേക്കും എല്ലാം പ്രതീക്ഷിച്ചതിലുപരി ഗംഭീരമാകും എന്ന ഒരു ആത്മവിശ്വാസം കൈവന്നിരുന്നു.
കൂട്ടത്തിൽ മറ്റൊരു സന്തോഷം കൂടിയുണ്ട്. ജീവിതത്തിൽ സന്ദർശിക്കുന്ന ഇരുപതാമത് രാജ്യമാണ് തായ്്്ലാൻഡ്. അറബ് നാടുകളിലേക്കായിരുന്നു ആദ്യ യാത്രകൾ. സഊദി അറേബ്യ, യു എ ഇ, ഖത്വർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ, ഫലസ്തീൻ, സിറിയ, യമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ. പിന്നെയത് ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കൻ ദേശങ്ങളിലേക്കും മധ്യേഷ്യയിലെ ഉസ്ബെക്കിസ്ഥാനിലേക്കും ഒഴുകിപ്പരന്നു. ഇന്നാ പ്രവാഹം തായ്്ലാൻഡ്, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങി തെക്കുകിഴക്കേ ഏഷ്യയിൽ എത്തി നിൽക്കുന്നു. അവയിൽ ഇറാഖ് യാത്രാനുഭവങ്ങൾ അമ്പതോളം ലക്കങ്ങളിലായി സിറാജ് പ്രതിവാരത്തിലൂടെ വായക്കാർക്ക് സമർപ്പിക്കാൻ സാധിച്ചുവെന്നതും സ്മരണീയമാണ്.
ദക്ഷിണ തായ്്ലാൻഡിലെ ഹത്യായ് ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കാണ് പോകുന്നത്. സിംഗപ്പൂരിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുണ്ട്. സ്കൂട്ട് എയർലൈൻസാണ്. ഒന്നു കണ്ണു ചിമ്മി എണീറ്റപ്പോഴേക്കും അവിടെ എത്തിയിരുന്നു. ശരാശരി നിലവാരം പുലർത്തുന്ന വിമാനത്താവളം. നഗരത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. സോംഗ്ക്ല പ്രവിശ്യയിലെ പ്രധാന നഗരമാണ് ഹത്യായ്. മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശം. തായ്്ലാൻഡിലെ പ്രധാന മുസ്‌ലിം പട്ടണങ്ങളായ പട്ടാണി, യാല, നരത്തിവാത്ത് എന്നീ നഗരങ്ങൾ സ്ഥിതിചെയ്യുന്നത് ഈ ഭാഗത്താണ്.
നോർത്ത് തായ്‌ലാൻഡിൽ ഏതാനും മുസ്‌ലിം ഗ്രാമങ്ങളുണ്ട്. എന്നാൽ സൗത്തിലെ സാഹചര്യം വ്യത്യസ്തമാണ്.
ഇവിടെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഒമ്പതാം നൂറ്റാണ്ടിൽ വിദേശ വ്യാപാരികൾ മുഖേനയാണ് രാജ്യത്ത് ഇസ്‌ലാം പ്രചരിച്ചു തുടങ്ങിയത്. തമിഴ്നാട്ടിലെ കായൽപട്ടണത്തുനിന്ന് തായ് കൊട്ടാരങ്ങളിൽ ജോലിക്കെത്തിയ തൊഴിലാളികളും മതപ്രബോധനത്തിൽ മുഖ്യ പങ്കു വഹിച്ചു. അവിഭക്ത ഇന്ത്യയോട് അതിരു പങ്കിടുന്ന രാജ്യം കൂടിയാണല്ലോ തായ്‌ലാൻഡ്. പഴയ ബർമയുടെ അയൽനാട്. അക്കാലത്ത് ബർമയിലേക്ക് കുടിയേറിയ മലയാളികളും തമിഴന്മാരും ഒട്ടേറെയുണ്ട്.
മലയൻ പാരമ്പര്യമുള്ളവരാണ് മുസ്‌ലിംകളിൽ ഭൂരിഭാഗവും. തായ്, ചൈനീസ് വംശജരും കുറവല്ല. പാരമ്പര്യ സൂഫീ ധാരകൾ പിന്തുടരുന്നവരാണവർ.
സിയാം എന്നറിയപ്പെടുന്ന പുരാതന തായ്‌ലാൻഡിൽ സൂഫികൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
ജനസംഖ്യ കൊണ്ട് മാത്രമല്ല, സംസ്കാരം കൊണ്ടും ഇസ്‌ലാമിക അന്തരീക്ഷമാണിവിടെ. എയർപോർട്ടിൽ തൊപ്പിയും തട്ടവുമണിഞ്ഞ നിരവധി ജോലിക്കാർ. യാദൃച്ഛികമെന്ന് പറയാം, ഇമിഗ്രേഷൻ കൗണ്ടറിനടുത്ത് കണ്ട ബോർഡ് സന്തോഷം പകർന്നു. പുറത്തെത്തിയപ്പോൾ ധാരാളം പള്ളികൾ. ഹലാൽ റസ്റ്ററന്റുകൾ. അറബി കുറിമാനങ്ങൾ.
കേട്ട തായ്്ലാൻഡല്ല ഇനി കാണാനുള്ളതെന്ന് മനസ്സ് അറിയാതെ മന്ത്രിച്ചു. കേവല മുദ്രണങ്ങളിൽ മാത്രമല്ല, ഹലാലിനെ അതിന്റെ യഥാർഥ ഭാവത്തിലും രൂപത്തിലും പിന്തുടരുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ അടുത്താണ് എത്തിയിട്ടുള്ളത്.അത്തരം കാഴ്ചകളിൽ നിറ സംതൃപ്തിയടഞ്ഞ് ഭക്ഷണം കഴിക്കാനായി ഗൂഗ്ൾ മാപ്പിൽ ഹലാൽ ഇന്ത്യൻ റസ്റ്റോറന്റ് കണ്ടെത്തി ഞങ്ങൾ യാത്ര തുടർന്നു.