Articles
ഹല്‍ദ്വാനി, മെഹ്റോളി...രാജ്യമിത് കാണുന്നില്ലെന്നോ?
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ പള്ളിയും മദ്റസയും പൊളിച്ചതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അതിക്രമത്തില്‍ മുപ്പത്തിയഞ്ചിലധികം മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. രോഗികളെയും പരുക്കേറ്റവരെയും ചികിത്സിക്കാനുള്ള ആശുപത്രികള്‍ അടഞ്ഞു കിടക്കുകയാണ്. കൈയില്‍ കിട്ടിയ പുരുഷന്മാരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടു പോയി ജയിലിലടച്ചു. ഇത്തരത്തില്‍ ഇരുന്നൂറ്റിഅമ്പതോളം പേര്‍ ജയിലില്‍ ഉണ്ടെന്നാണ് പറയുന്നത്.
ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിന്റെയോ ആരാധനാലയങ്ങളുടെ മേലുള്ള അവകാശവാദങ്ങളുടെയോ വാര്‍ത്തകളാണ് ഓരോ ദിവസവും കടന്നു വരുന്നത്. രാജ്യത്തിന്റെ പുരോഗതിയും സമാധാനവും ഐശ്വര്യവും എന്നത് അവിടെ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗത്തിന്റെയും സുരക്ഷയെയും സമാധാന ജീവിതത്തെയും ആശ്രയിച്ചാണിരിക്കുന്നത്. രാജ്യത്തെ ഭരണാധികാരികളും നിയമപാലകരും കോടതിയും അധികാര വിഭാഗങ്ങളുമെല്ലാം എല്ലാ വിഭാഗം ജനങ്ങളുടെയും തുല്യ നീതിക്കും തുല്യ അവകാശത്തിനും നിലകൊള്ളുമ്പോള്‍ മാത്രമാണ് ഒരു രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. സംഘര്‍ഷങ്ങളും കലാപങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ യശസ്സിനെ തന്നെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മുടെ നാട്ടില്‍ നിന്ന് കേള്‍ക്കുന്ന, കാണുന്ന വാര്‍ത്തകള്‍ ഭയത്തിന്റെയും ഭീതിയുടേതുമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനോ അവരുടെ സാംസ്‌കാരിക അസ്തിത്വത്തെ ചോദ്യം ചെയ്യാനോ ആസൂത്രിതമായ ശ്രമങ്ങളാണ് അധികാരികളുടെ ഒത്താശയോടെ രാജ്യത്ത് നടമാടുന്നത്. പള്ളികള്‍ക്കും ആത്മീയ പുരുഷന്മാരുടെ ഖബറിടങ്ങളായ ദര്‍ഗകള്‍ക്കും മേല്‍ അവകാശവാദമുന്നയിച്ച് കോടതികളില്‍ ഹരജികള്‍ ഫയല്‍ ചെയ്യുകയും അത് ഇടിച്ചു നിരപ്പാക്കാന്‍ ബുള്‍ഡോസറുമായി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന കാടന്‍ നീതിയാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഭയപ്പെടുത്തി കീഴടക്കുക എന്നതായിരിക്കാം ലക്ഷ്യം.
എന്താണ് ഹല്‍ദ്വാനില്‍ സംഭവിച്ചത്?
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ പള്ളിയും മദ്റസയും പൊളിച്ചതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അതിക്രമത്തില്‍ മുപ്പത്തിയഞ്ചിലധികം മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മരണ നിരക്ക് ഉയര്‍ന്നേക്കുമോ എന്ന് പലരും ഭയപ്പെടുന്നു. ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവിലൂടെ, പള്ളിയും മദ്റസയും പൊളിച്ചതില്‍ പ്രതിഷേധിച്ച നാട്ടുകാരെ കലാപകാരികളായി മുദ്രകുത്തി വെടിവെച്ചു കൊല്ലാനാണ് അധികാരികള്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണ് ബന്‍ഭൂല്‍പൂരിലെ പള്ളിയും മദ്റസയും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് മുനിസിപല്‍ അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെബ്രുവരി എട്ടിന് ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇവ തകര്‍ത്തു കളഞ്ഞത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഈ അതിക്രമം എന്നത് കൂടി നാം മനസ്സിലാക്കണം.
വര്‍ഷങ്ങളായി തങ്ങള്‍ ആരാധിക്കുന്ന പള്ളിയും മക്കള്‍ പഠിക്കുന്ന മദ്റസയും ഒരു സുപ്രഭാതത്തില്‍ ഇടിച്ചു നിരത്തുമ്പോള്‍ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. നമ്മുടെ രാജ്യം പൗരന്മാര്‍ക്ക് അതിനുള്ള അവകാശം വകവെച്ചു കൊടുക്കുന്നില്ലേ? ബുള്‍ഡോസറുമായി പൊളിക്കാന്‍ വന്ന ഭരണകൂട ഭീകരതക്കെതിരെ പ്രദേശ വാസികള്‍ ഒന്നടങ്കം വന്നു. അവരൊരു അക്രമത്തിനു വേണ്ടിയല്ല അവിടെ എത്തിയത്. പ്രാദേശിക കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രായം ചെന്ന ആളുകളായിരുന്നു പ്രതിഷേധത്തിനു മുന്നില്‍ നിന്നത്. പൊളിക്കുന്നത് തടയാന്‍ മദ്റസക്ക് സമീപത്തുള്ള മൈതാനിയില്‍ സ്ത്രീകള്‍ കുത്തിയിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് അധികാരികളോട് അവര്‍ കെഞ്ചിപ്പറഞ്ഞു. പക്ഷേ, പോലീസ് പ്രതിഷേധക്കാരെ തല്ലിച്ചതക്കുകയും മര്‍ദിക്കുകയും ചെയ്തു. അതോടെ ആളുകള്‍ ചിതറിയോടുകയും കല്ലെറിയുകയും ചെയ്തു. എല്ലാ പ്രതിഷേധ സ്ഥലങ്ങളിലും സാധാരണ സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടന്നത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ വെച്ച് പ്രദേശത്തെ ഒറ്റപ്പെടുത്തി. എന്നാല്‍ പിന്നീട് സംഭവിച്ചത് അതിഭീകരമായ നടപടികളായിരുന്നു. പോലീസ് പ്രദേശ വാസികളുടെ വീടുകളിലേക്ക് ഇരച്ചു കയറി. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും വീടും സ്വത്തുവഹകളും നശിപ്പിക്കുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശത്തെ പൂര്‍ണമായും ഒറ്റപ്പെടുത്തി പോലീസ് അഴിഞ്ഞാടുകയായിരുന്നു എന്നാണ് സ്ഥലം സന്ദര്‍ശിച്ച സ്‌ക്രോള്‍ റിപോര്‍ട്ടര്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടതിനു ശേഷം അക്രമികള്‍ ഓരോ വീടും വീടിനു മുന്നിലെ വാഹനങ്ങളും തകര്‍ക്കാന്‍ തുടങ്ങി. പ്രദേശത്തുകാര്‍ ഭയം നിമിത്തം ഗ്രാമത്തില്‍ നിന്ന് കൂട്ടപ്പലായനം ചെയ്തു.
പള്ളി നിന്നിരുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. ഗ്രാമത്തിലെ മറ്റു പള്ളികളും അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ തുറന്നിട്ടില്ല. രോഗികളെയും പരുക്കേറ്റവരെയും ചികിത്സിക്കാനുള്ള ആശുപത്രികള്‍ അടഞ്ഞു കിടക്കുകയാണ്. കൈയില്‍ കിട്ടിയ പുരുഷന്മാരെയൊക്കെ പോലീസ് പിടിച്ചു കൊണ്ടു പോയി ജയിലിലടച്ചു. ഇത്തരത്തില്‍ ഇരുന്നൂറ്റിഅമ്പതോളം പേര്‍ ജയിലില്‍ ഉണ്ടെന്നാണ് പറയുന്നത്. ഗ്രാമത്തിലെ ജനങ്ങള്‍ ഭീതിയിലും വേദനയിലുമാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടതല്ലേ.
ഒരു ജനാധിപത്യ മതേതര രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ഭീകരമായ കാര്യങ്ങളാണ് ഇതൊക്കെ. കോടതിയുടെ തീര്‍പ്പിനു കാത്തിരിക്കുന്ന ഒരു കാര്യത്തില്‍ വിധി വരുന്നതിനു പോലും കാത്തുനില്‍ക്കാതെ തകര്‍ത്തു കളയുന്ന കാട്ടുനീതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. അധികാരികള്‍ തന്നെ വംശീയ, വര്‍ഗീയ വാദികളായി മാറുന്ന ദുരവസ്ഥ. ചര്‍ച്ചകളോ സമാധാന നീക്കങ്ങളോ ഒന്നുമില്ലാതെ ഒരു സമുദായത്തിന്റെ അസ്തിത്വത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പ്രബലമായ ഒരു സമുദായത്തെ അസ്ഥിരപ്പെടുത്താനും ഭീതിയിലാക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള ഹിന്ദുത്വ ശക്തികളുടെ ആസൂത്രിത നീക്കങ്ങള്‍ അധികാരികളിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്നതും സമാനമായ സംഭവ വികാസങ്ങളായിരുന്നില്ലേ.
ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ സംഭവിച്ചത്
രാജ്യ തലസ്ഥാനത്തെ 800 വര്‍ഷം പഴക്കമുള്ള മെഹ്‌റോളിയിലെ മസ്ജിദ് ആഖോഞ്ചിയും മദ്റസയും ഖബര്‍സ്ഥാനും യാതൊരു മുന്നറിയിപ്പുമില്ലാതെ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടിച്ചു നിരപ്പാക്കിയത് കഴിഞ്ഞ ആഴ്ചയില്‍ തന്നെയായിരുന്നു. പ്രഭാത നിസ്‌കാരത്തിനുള്ള വാങ്ക് വിളിക്കുന്നതിന് മുമ്പേ ഇരച്ചെത്തിയ അധികാരികള്‍ കൊടും അനീതിയാണ് ചെയ്തത്. പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബഹ്‌റുല്‍ ഉലൂം മദ്റസയും പള്ളിയോട് അനുബന്ധിച്ചുള്ള മഖ്ബറകളും പോലീസ് ഇടിച്ചു നിരപ്പാക്കി. മദ്റസയില്‍ താമസിച്ചു പഠിക്കുന്ന 22 വിദ്യാര്‍ഥികളുടെ വസ്ത്രങ്ങളും അവര്‍ക്കുള്ള ഭക്ഷണവും പരിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും ഇമാമിന്റെയും ജീവനക്കാരുടെയും ഫോണുകള്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഡല്‍ഹിയിലെ മലയാളി മുസ്ലിംകളുടെ കൂടി ആശ്രയമായിരുന്നു ഈ മസ്ജിദ്.
അതിനും മുന്നേ ഗതാഗത പ്രശ്നം ഉണ്ടാക്കുന്നു എന്നാരോപിച്ചാണ് മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പുരാതനമായ സുനേരി മസ്ജിദ് പൊളിച്ചു മാറ്റിയത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഹസ്രത്ത് മൊഹാനി ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്‍ക്വിലാബ് മുഴക്കിയ, ചരിത്ര പ്രാധാന്യമുള്ള പള്ളിയായിരുന്നു സുനേരി മസ്ജിദ്.
ഇത്തരം അനീതി നിറഞ്ഞ സംഭവങ്ങള്‍ വേണ്ട വിധം റിപോര്‍ട്ട് ചെയ്യാനോ നീതികേടിനെതിരെ പ്രതികരിക്കാനോ മാധ്യമങ്ങളോ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളോ പാര്‍ട്ടികളോ ഇല്ലെന്നുള്ള ശൂന്യത കൂടി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം ലീഗ് എം പിമാര്‍ ഡല്‍ഹിയില്‍ സമരം നടത്തിയപ്പോള്‍ ആ സമരത്തില്‍ പങ്കാളിത്തം കൊണ്ടെങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സഖ്യകക്ഷികളുടെ എം പിമാര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നുള്ളത് വിഷയങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
ജനാധിപത്യത്തില്‍ വിയോജിക്കാനും ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. അത് പോലും തടഞ്ഞു കൊണ്ടാണ് സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ അവരുടെ അജന്‍ഡകള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഒരു ഫെഡറല്‍ രാജ്യത്ത് ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരുന്ന തിരക്കിലാണ്. ഈ രാജ്യത്തിന്റെ പോക്ക് അതീവ അപകടാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഒരു ജനതയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇവിടെ അധികാരികളെ ഉപയോഗിച്ച് തകര്‍ത്ത് കളയുന്നത്. രാജ്യത്തെ മതേതര ശക്തികളും മുസ്ലിം സംഘടനകളും നേതാക്കളും ഒരുമിച്ചിരുന്ന് ഈ അപകടാവസ്ഥയെ എങ്ങനെ നേരിടണമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.