Connect with us

പരിചയം

അറിവ് പകർന്ന അരനൂറ്റാണ്ട്

Published

|

Last Updated

പാരമ്പര്യത്തിലധിഷ്ഠിത മതവിജ്ഞാനത്തിന്റെ വിളനിലമായ പള്ളിദർസിന് അഞ്ച് പതിറ്റാണ്ട് കാലം കാവലിരുന്ന നിസ്വാർഥ പണ്ഡിത പ്രതിഭയാണ് ഉസ്താദ് കെ എം അഹ്‌മദ്  ബാഖവി അൽ ഫള്‌ഫരി. കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട ഉന്നത മത കലാലയങ്ങളിൽ നിന്നും ബിരുദം നേടിയ ഇരുന്നൂറോളം മതബിരുദധാരികളും തത്തുല്യ യോഗ്യതയുള്ള പണ്ഡിതന്മാരുൾപ്പെടെ മുന്നൂറോളം പണ്ഡിതരെ സമൂഹത്തിന് ഫള്‌ഫരി ഉസ്താദ് സമർപ്പിച്ചിട്ടുണ്ട്. പ്രഥമ ഇസ്‌ലാമിമിക പ്രബോധകരായ മാലിക് ബ്നു ദീനാർ ( റ ) വിന്റെ സംഘാംഗങ്ങളിൽ ചാലിയത്ത് താമസമാക്കിയവരുടെ കുടുംബ പരന്പരയാണ് ഫള്‌ഫരി കുടുംബം. പള്ളിപ്പുറം എന്നതിന്റെ അറബിനാമമാണ് ഫള്‌ഫരി. കുന്നുമ്മൽ മഠത്തൊടി കുടുംബത്തിലെ സൂഫി ഹാജിയുടെ മകൻ യൂസുഫുൽ ഫള്‌ഫരിയുടെ മകനും സമസ്തയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ അബ്ദുൽ ഖാദർ ഫള്‌ഫരിയുടെ മകനാണ് യൂസുഫ് ഹാജി. 1951ൽ യൂസുഫ് ഹാജിയുടെ മകനായി പടിഞ്ഞാറ്റുമുറിയിലാണ് ഫള്‌ഫരി ഉസ്താദിന്റെ ജനനം. സൂഫിവര്യനായ യൂസുഫുൽ ഫള്‌ഫരിയുടെ മകനായ അഹമ്മദ് മുസ്‌ലിയാരുടെ മകൾ കുഞ്ഞു ഫാത്വിമയാണ് മാതാവ്. പിതാവ് യൂസുഫ് ഹാജി പിതാവായ അബ്ദുൽ ഖാദർ ഫള്‌ഫരിയുടെ ദർസിൽ പഠനം നടത്തിയ പണ്ഡിതനായിരുന്നെങ്കിലും പിന്നീട് കാർഷിക രംഗത്തേക്ക് തിരിയുകയായിരുന്നു.

സ്വദേശമായ പടിഞ്ഞാറ്റുമുറിയിലെ ജി എം യു പി സ്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മദ്റസ അഞ്ചാം തരം പൂർത്തിയായ ശേഷം ദർസ് പഠനത്തിലേക്ക് തിരിച്ചു. സഹോദരീ ഭർത്താവും പ്രമുഖ പണ്ഡിതനുമായ ചാപ്പനങ്ങാടി മുഹമ്മദ് കുട്ടി ബാഖവിയുടെ കീഴിൽ പാങ്ങിലാണ് ദർസ് ജിവിതം ആരംഭിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരുടെ ദർസിലും പിന്നീട് കെ സി ജമാലുദ്ദീൻ മുസ്‌ലിയാരുടെ കീഴിൽ ആലത്തൂർ പടി, പൊട്ടച്ചിറ അൻവരിയ്യ, പൊടിയാട്ട് എന്നിവിടങ്ങളിലും ഏഴ് വർഷത്തോളം പഠനം നടത്തിയ ശേഷം 1972 ൽ വെല്ലൂർ ബാഖിയാത്തിൽ ചേർന്നു. നാലാം റാങ്കോടെ മൗലവി ഫാളിൽ ബാഖവി ബിരുദം നേടി.

മർഹും അബ്ദുർറഹ്‌മാ ൻ ഫള്ഫരി (കുട്ടി മുസ്‌ലിയാർ), ശൈഖ് ഹസൻ ഹസ്റത്ത്, ഒ കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ജബ്ബാർഹസ്റത്ത്, മുസ്തഫ കമാലുദ്ദീൻ ഹസ്റത്ത് എന്നിവരെല്ലാം ബാഖിയാത്തിലെ ഗുരുനാഥന്മാരാണ്. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, മർഹും സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, മർഹും ടി എം സി മുക്കം എന്നിവർ സതീർഥ്യരിൽ പെട്ടവരാണ്. പിതാമഹൻ അബ്ദുൽ ഖാദർ ഫള്ഫരിയുടെ ശിഷ്യനും ഖാദിമുമായ വാവാട് പോക്കർ കുട്ടി മുസ്്ലിയാരുടെ നിർദേശപ്രകാരം 1974ൽ വാവാട് ജുമുഅ മസ്ജിദിൽ അവിടത്തെ രണ്ടാം മുദർരിസായാണ് കടന്നുവരുന്നത്.

1980 ൽ കളരാന്തിരിയിലേക്ക് മാറി. നീണ്ട 33 വർഷത്തെ കളരാന്തിരിയിലെ സേവനമാണ് കളരാന്തിരി ഉസ്താദെന്ന പേരിൽ പ്രസിദ്ധനാകാൻ കാരണം. ദർസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് വന്ന ഇരുപതോളം കുട്ടികളെ സ്ഥലപരിമിതിയും അസൗകര്യവും കാരണം ഒരു വർഷം തിരിച്ചയച്ചതായി ഉസ്താദ് വേദനയോടെ പങ്കുവെക്കാറുണ്ട്. ഒരു ഡസനിലധികം തദ്ദേശീയരായ വിദ്യാർഥികൾ കളരാന്തിരിയിൽ നിന്നും പഠനം പൂർത്തീകരിച്ച് ഇന്ന് മത സേവന രംഗത്ത് കർമനിരതരാണ്. കളരാന്തിരിയിലെ വേർപിരിയാനാകാത്ത ആത്മബന്ധത്തെ അരക്കിട്ടുറപ്പിച്ച് കൊണ്ടാണ് മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം കൊടുവള്ളിക്കടുത്ത ഉരുളിക്കുന്നുമ്മലിലേക്ക് മാറിയത്. രണ്ടര വർഷത്തിന് ശേഷം ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ക്ഷണം സ്വീകരിച്ചാണ് കാന്തപുരം സാദാത്ത് നഗറിലെ മഹല്ല് പള്ളിയിൽ എത്തിയത്. മഹാനായ മർഹും സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ അവേലത്തുമായി അവരുടെ ജീവിതകാലത്തുള്ള ആത്മബന്ധമാണ് തന്റെ ദർസ് കാന്തപുരത്തെത്തിയതെന്ന് പത്താം വർഷത്തിലേക്ക് പാദമൂന്നുന്ന ഉസ്താദ് ഉറച്ച് വിശ്വസിക്കുന്നു. അഹ് ലുബൈത്തിനോടുള്ള ബഹുമാനവും ആദരവുമാണ് തന്റെ ജീവിതവിജയമെന്ന് ഉസ്താദ് പറയുന്നു. മഹാനായ സി എം വലിയുല്ലാഹിയുടെ അനുഗ്രഹാശിസ്സുകൾ പലപ്പോഴും ലഭിച്ചിട്ടുണ്ട്.

കളരാന്തിരിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ സി എം വലിയുല്ലാഹി അവിടേക്ക് കടന്നുവരികളും നിങ്ങൾ ഇവിടെ ദർസ് നടത്തുമെന്ന് മൂന്ന് തവണ ആവർത്തിച്ച് പറഞ്ഞതും കളരാന്തിരിയിലെ ദീർഘകാലത്തെ ബന്ധത്തിനു പിന്നിലെ ആത്മീയ ശക്തിയായി വിലയിരുത്തുന്നു.

വേങ്ങര കോയപ്പാപ്പ, പാണക്കാട് പൂക്കോയ തങ്ങൾ, കക്കിടിപ്പുറം അബൂബക്കർ മുസ്്ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്്ലിയാർ, യൂസുഫുൽ ബുഖാരി വൈലത്തൂർ, ഒ കെ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ ഇ കെ ഉസ്താദ്, താജുൽ ഉലമ ഉള്ളാൾ തങ്ങൾ എന്നിവരുമായി ജിവിത കാലത്ത് അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്.

ആയുസ്സിന്റെ സിംഹഭാഗമായ അഞ്ച് പതിറ്റാണ്ട് കാലം വിജ്ഞാന വിതരണത്തിനു വേണ്ടി ചെലവഴിച്ചപ്പോൾ അവിടുത്തെ ദർസിലെ പൂർവ വിദ്യാർഥികൾ മഅദിനുൽ ഉലമ യെന്ന അറിവുറവയായ ദർസിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ആത്മനിർവൃതിയിൽ സായൂജ്യമടിയുമ്പോൾ എല്ലാം നാഥൻ സ്വീകരിക്കട്ടെ എന്ന പ്രാർഥനയിലാണ് ഫള്ഫരി ഉസ്താദ്.

മുനീർ സഅദി പൂലോട്
muneersaadipoolode@gmail.com

Latest