Ongoing News
യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്
സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്തക്രിയ നല്‍കി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച സംരംഭം പൂര്‍ത്തിയായി
അബുദാബി/ കൊച്ചി | യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിനോടുള്ള ആദരവായി 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്.
സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്തക്രിയ നല്‍കാന്‍ പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചതാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്.കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകള്‍ സൗജന്യമായി പൂര്‍ത്തിയാക്കി.
യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചത്. സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങായി ഇത് മാറി. ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കള്‍ . സംഘര്‍ഷ മേഖലകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും.
വന്‍ ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കുള്ള സഹായം എത്തിച്ചു.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി.