Kerala
അടൂരില്‍ റോഡരികില്‍ കാട് നീക്കം ചെയ്യുന്നതിനിടെ അരക്കിലോയോളം കഞ്ചാവ് കണ്ടെത്തി
കാട് നീക്കുന്ന ജോലിക്കാരനാണ് കഞ്ചാവ് ആദ്യം കാണുന്നത്.
അടൂര്‍ | സെന്‍ട്രല്‍ ജങ്ഷന് സമീപം കെ പി റോഡരികില്‍ കാട് നീക്കം ചെയ്യുന്നതിനിടെ കഞ്ചാവ് കണ്ടെത്തി. പല സ്ഥലങ്ങളിലായി കവറുകളിലും പ്ലാസ്റ്റിക് പാത്രത്തിലുമായി സൂക്ഷിച്ചിരുന്ന 450 ഗ്രാം കഞ്ചാവാണ് നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് സംഘം കണ്ടെടുത്തത്. ഇന്നലെ രാവിലെ കാടുപിടിച്ചു കിടന്ന കെന്‍കോസിന്റെ സ്ഥലം ഇഴജന്തുക്കളുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുമ്പോഴാണ് കഞ്ചാവ് നിറച്ച പ്ലാസ്റ്റിക് പാത്രവും കവറുകളും കണ്ടത്.
കാട് നീക്കുന്ന ജോലിക്കാരനാണ് കഞ്ചാവ് ആദ്യം കാണുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സി ഐ ബി അന്‍ഷാദിന്റെ നേതൃത്വത്തിലെത്തിയ എക്‌സൈസ് സംഘം കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് സമീപത്തെ അഥിതി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ പത്ത് ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ അസം സ്വദേശി ഇഫ് മാഫി അലി എന്നയാള്‍ക്കെതിരെ കേസ് എടുത്തതായി അടൂര്‍ എക്‌സൈസ് സി ഐ പറഞ്ഞു. കെന്‍കോസിനു സമീപം ഒട്ടേറെ അഥിതി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ കഞ്ചാവ് കണ്ടെത്തിയ പ്രദേശം മുഴവന്‍ ഇവരുടെ താവളമാണെന്നും നാട്ടുകാര്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞു. പ്രദേശം കേന്ദ്രീകരിച്ച് തുടര്‍ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി